കണ്ണൂർ: നവ കേരള ബസ്സിന് നേരെയുണ്ടായ പ്രതിഷേധത്തിനിടെ കൂട്ടയടി.കല്യാശേരിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി.
കരിങ്കൊടി കാണിച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച മൂന്ന് പേരെയും ആറ് കെഎസ് യു പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമായി.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. റിപ്പോര്‍ട്ടര്‍ ടിവി ഡ്രൈവര്‍ നന്ദകുമാറിന്റെ ഫോണ്‍ പ്രവര്‍ത്തകര്‍ പിടിച്ചു വാങ്ങി. ധൈര്യമുണ്ടെങ്കില്‍ ഓഫീസില്‍ വന്ന് വാങ്ങാൻ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിൽ മീഡിയ വണ്‍ ക്യാമറ മാൻ ജൈസല്‍ ബാബുവിന് കൈയ്ക്ക് പരിക്കേറ്റു.പഴയങ്ങാടിയില്‍ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കമാൻഡോ ഉദ്യോഗസ്ഥരും ചേര്‍ന്ന് മര്‍ദ്ദിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ മഹിതാമോഹൻ, സുധീഷ് വെള്ളച്ചാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗുരുതരമായി പരിക്കേറ്റ സുധീഷ് തളിപ്പറമ്ബ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.