എരുമേലി: കഴിഞ്ഞ ദിവസം കണമലയ്ക്ക് സമീപം എരുത്വാപ്പുഴ ഇറക്കത്തിൽ ബ്രേക്ക് നഷ്‌ടപ്പെട്ട് അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിന് ഫിറ്റ്നസില്ലെന്ന് ആക്ഷേപം.
റോഡരികിലെ മൺതിട്ടയിൽ ഇടിപ്പിച്ച് ഡ്രൈവർ ബസ് നിർത്തിയതിനാലാണ് വൻ അപകടം ഒഴിവാക്കിയത്. പമ്പയിൽ നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
വിവരം അറിഞ്ഞ് സഹായവുമായി മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സേഫ് സോൺ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇവർ ഇടപെട്ടാണ് അപകടത്തിൽ പെട്ട ബസിലെ അയ്യപ്പ ഭക്തർ ഉൾപ്പടെയുള്ള യാത്രക്കാരെ മറ്റൊരു ബസ് എത്തിച്ച് കയറ്റിവിട്ടത്. ഈ ഉദ്യോഗസ്ഥർ ആകട്ടെ അപകടത്തിൽ പെട്ട ബസിന്റെ രേഖകൾ പരിശോധിച്ചില്ലെന്നും ബസിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചിരുന്നതാണെന്നും നാട്ടുകാർ പറയുന്നു. കെഎൽ15എ 1488 രജിസ്ട്രേഷൻ നമ്പറിലുള്ള ഈ ബസിന്റെ ഫിറ്റ്നസ് ഈ മാസം നവംബർ 11ന് അവസാനിച്ചതായാണ് മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും കൊടുത്തിരിക്കുന്നത്.
2016 മെയ് 13 നാണ് വാഹനം രജിസ്റ്റർ ചെയ്തത്. അമിത വേഗത്തിന് 2016 ജൂൺ 30 ന് ചുമത്തിയ പിഴ അടച്ചിട്ടില്ലെന്നും വെബ്സൈറ്റ് വിവരങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം ഡ്രൈവറുടെ ക്യാബിനിലെ വാതിൽ നഷ്ടപ്പെട്ട നിലയിൽ കെഎസ്ആർടിസി ബസ് എരുമേലി വഴി യാത്രക്കാരുമായി സഞ്ചരിച്ചതായും ആക്ഷേപമുണ്ട്.