ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടി പോലെയല്ല ഇടതുപക്ഷ സര്‍ക്കാരിന്റെ നവകേരള സദസ് എന്ന് മന്ത്രി പി രാജീവ്. പിണറായി സര്‍ക്കാര്‍ പരാതികള്‍ ഭൂരിഭാഗവും സ്വീകരിച്ചത് ഓണ്‍ലൈനിലൂടെയാണെന്ന് മന്ത്രി പറഞ്ഞു.
ജനസമ്പര്‍ക്ക പരിപാടിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ വെയിലത്തും സ്‌ട്രെക്ചറിലും വീല്‍ചെയറിലുമൊക്കെയെത്തി പരാതികള്‍ നല്‍കിയപ്പോള്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് വെറും 808 കോടിയുടെ സഹായമായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാരാകട്ടെ ഓണ്‍ലൈനിലൂടെ പരാതികള്‍ സ്വീകരിച്ചുകൊണ്ട് നല്‍കിയത് 7633 കോടി രൂപയുമാണ്.
ചികിത്സാസഹായവും ധനസഹായവും ജനങ്ങളുടെ അവകാശമാണ്. പൗരന്മാര്‍ക്ക് ആത്മാഭിമാനം ഉണ്ട്. കൈനീട്ടി നില്‍ക്കുന്നവരുടെ ദയനീയതയെ പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് ലഭിക്കേണ്ടതല്ല ജനാധിപത്യ സംവിധാനത്തില്‍ അര്‍ഹമായ അവകാശങ്ങള്‍.
അതുകൊണ്ട് 2016ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു, ഒരാളും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒരാളുടെ മുന്‍പിലും ശിരസ് കുനിക്കേണ്ട ആവശ്യമില്ലെന്ന്. ആരും ആരുടെ മുന്നിലും കൈനീട്ടിനിന്ന് അവകാശങ്ങള്‍ സ്വീകരിക്കേണ്ട എന്ന് നിലപാടെടുത്തതുകൊണ്ടാണ് പരാതികളും ആവശ്യങ്ങളും എല്ലാവരും ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.