പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുകാവ് നോർത്ത് എട്ടാം വാർഡിനെ പ്രതിനിധീകരിച്ച സിപിഎം അംഗമായ സി.പി മോനിഷി(32)നെയാണ് വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്ന് (തിങ്കൾ ) ഉച്ചയ്ക്ക് രണ്ടര മണിയോടെയാണു സംഭവം.
അമ്മയും അച്ഛനും ഭാര്യയും സഹോദരിയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന വല്യച്ഛൻ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ക്ഷേമ പെൻഷൻ വിതരണത്തിനായി എത്തിയ ജീവനക്കാർ പഞ്ചായത്ത് മെമ്പറെ കാണാനില്ലെന്നു പറഞ്ഞപ്പോഴാണ് വല്യച്ഛൻ ഇവിടെയെത്തി പരിശോധിച്ചത്.
സാമ്പത്തിക ബാധ്യതയാണു മരണത്തിന് കാരണമെന്ന് മോനിഷ് എഴുതിയ കത്ത് പൊലീസിന് ലഭിച്ചു. മോനിഷ് പൂക്കോട്ടുകാവിൽ ഇലക്ട്രിക് കടയും നടത്തിയിരുന്നു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
അച്ഛൻ: രവീന്ദ്രൻ. അമ്മ: പദ്മിനി. ഭാര്യ: ദീപ്തി.