KeralaNEWS

കന്യാകുമാരിക്ക് മീതെ ചക്രവാതചുഴി, കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കോമോറിൻ മേഖലയ്ക്ക് മുകളിലായി (കന്യാകുമാരി) ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ നിന്ന് ശക്തമായ വടക്ക് – കിഴക്കൻ കാറ്റ് തെക്കേ കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്നുണ്ട്. നവംബർ 22 മുതൽ 24 വരെയുള്ള തിയ്യതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലും മഴ മുന്നറിയിപ്പുണ്ട്.

കേരളത്തില്‍ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നവംബര്‍ 22ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നവംബര്‍ 23ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Signature-ad

തമിഴ്‌നാട്ടിലെ പല ഭാഗങ്ങളിലും ഒരാഴ്ചത്തേക്ക് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാമനാഥപുരം ജില്ലയിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവള്ളൂർ ജില്ലയിൽ കനത്ത മഴയ്ക്ക് ശേഷം കന്യാകുമാരി, രാമനാഥപുരം, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈയുടെ ചില ഭാഗങ്ങളിൽ മിതമായ മഴയും പ്രവചിച്ചിട്ടുണ്ട്. തിരുവാരൂർ ജില്ലയില്‍ ഇന്നലെ 11 സെന്‍റീമീറ്റര്‍ മഴ പെയ്തു.

അടിയന്തര സാഹചര്യം നേരിടാന്‍ തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിലായി 400 ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) അംഗങ്ങളെയും ചെന്നൈയിൽ 200 ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

Back to top button
error: