NEWSWorld

മോഹന്‍ജൊ ദാരോയില്‍നിന്ന് നീണ്ട പതിറ്റണ്ടുകള്‍ക്കൊടുവില്‍ വലിയ കണ്ടെത്തല്‍! താഴികക്കുടത്തിന്‍റെ ആകൃതിയിലുള്ള ഒരു സ്തൂപത്തില്‍ നിന്ന് ചെമ്പ് നാണയങ്ങള്‍ നിറച്ച മണ്‍കുടം

പാകിസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃതിയായ മോഹന്‍ജൊ ദാരോയില്‍ (Mohenjo-daro) നിന്ന് നീണ്ട പതിറ്റണ്ടുകള്‍ക്കൊടുവില്‍ വലിയ കണ്ടെത്തല്‍ നടത്തി. ബുദ്ധക്ഷേത്രമായി സ്ഥാപിച്ചിരിക്കുന്ന താഴികക്കുടത്തിന്‍റെ ആകൃതിയിലുള്ള ഒരു സ്തൂപത്തില്‍ നിന്നാണ് ചെമ്പ് നാണയങ്ങള്‍ നിറച്ച ഒരു മണ്‍കുടം ലഭിച്ചതെന്ന് പ്രദേശത്ത് ഖനനം ചെയ്യുന്ന ഗവേണഷ സംഘം അറിയിച്ചു. ബിസി 2,600-നും ബിസി 1,900-നും ഇടയിൽ അഭിവൃദ്ധി പ്രാപിച്ച ഒരു പുരാതന സിന്ധുനദീതട നാഗരിക നഗരമാണ് മോഹൻജൊ ദാരോ. ഉറുദുവില്‍ ഇത് മരിച്ചവരുടെ കുന്ന് (Mound of the Dead) എന്നറിയപ്പെടുന്നു. ചുട്ടെടുക്കാത്ത ഇഷ്ടികയിലാണ് ഈ സിന്ധു നദീതട നഗരം അന്ന് നിര്‍മ്മിക്കപ്പെട്ടത്. 1920 കളിലാണ് മോഹന്‍ജൊ ദാരോ നഗരം ആദ്യമായി കണ്ടെത്തിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ആസൂത്രീത നഗരമാണ് ഇത്.

5,000 വർഷം പഴക്കമുള്ള നഗര അവശിഷ്ടങ്ങളിൽ നിന്ന് 93 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രധാനമായ ഒരു പുരാവസ്തു കണ്ടെത്തല്‍ ഉണ്ടാകുന്നത്. നാണയങ്ങള്‍ക്ക് മൊത്തം അഞ്ചര കിലോ ഭാരം കണക്കാക്കി. ഇത് പിന്നീട് കൂടുതല്‍ പരിശോധനയ്ക്കായി സ്ഥലത്ത് നിന്നും മാറ്റി. 1930 ല്‍ ഇവിടെ നിന്ന് 4,348 ചെമ്പ് നാണയങ്ങള്‍ ലഭിച്ചിരുന്നെന്ന് ഗവേഷണ സംഘാംഗമായ ഷെയ്ഖ് ജാവേദ് സിന്ധി പറഞ്ഞു. ഈ നാണയങ്ങള്‍ എ.ഡി. 2 മുതൽ 5 നൂറ്റാണ്ട് വരെയുള്ള കുശാന കാലഘട്ടത്തിലേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. പുതുതായി ലഭിച്ച നാണയങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്ന് ഖനന സംഘം അറിയിച്ചു. ആദ്യം ലഭിച്ച നാണയങ്ങള്‍ കുശാന രാജവംശത്തിന്‍റെതായിരുന്നു.

Signature-ad

സിന്ധു അധിനിവേശത്തിന്‍റെ അവസാനത്തിനും കുശാന കാലഘട്ടത്തിനും ഇടയിലുള്ള ഇടവേളയില്‍ പ്രദേശത്ത് ജനവാസം നിലനിന്നിരിക്കാം. ഏകദേശം എഡി ഒന്നാം നൂറ്റാണ്ട് മുതൽ എഡി മൂന്നാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന കുശാന രാജവംശവുമായി ഈ പ്രദേശത്തിന് വ്യാപാരം, നയതന്ത്രം, സാംസ്കാരിക വിനിമയം തുടങ്ങിയ തലങ്ങളില്‍ ശക്തമായ ബന്ധം ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ഈ ചെമ്പ് നാണയങ്ങള്‍. കുശാന ഭരണാധികാരി വാസുദേവ ഒന്നാമന്‍റെ കാലത്ത് നിര്‍മ്മിച്ച നാണയങ്ങളും ആദ്യ ഘട്ടത്തില്‍ ഇവിടെ നിന്നും ലഭിച്ചിരുന്നു. റോമന്‍ നാണയ നിര്‍മ്മാണ രീതികള്‍ കുശാന രാജവംശവും പിന്തുടര്‍ന്നിരുന്നു എന്നതിനുള്ള തെളിവുകളും ലഭിച്ചിരുന്നു. അതേ സമയം ഇന്നത്തെ ഉസ്ബഖിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ തുടങ്ങി ഉത്തരേന്ത്യവരെ വ്യാപിച്ച് കിടന്നിരുന്ന കുശാനന്മാര്‍ ഇറാനിയന്‍ മതവിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തിയപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും ബുദ്ധമതാനുയായികളായിരുന്നു. നാണയങ്ങളിലെ ഇറാനിയന്‍ സ്വാധീനം ഇതിന് തെളിവായി പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: