മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എയെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിമിച്ച നടപടിയെ വിമര്‍ശിച്ച യു.ഡി.എഫ്. ഘടകകക്ഷികളെ പ്രതിരോധിക്കാന്‍ ലീഗ്. ആര്.എസ്.പി ഉള്‍പെടെയുള്ള ഘടകകക്ഷികള്‍ക്ക് ബോര്‍ഡ് -കോര്‍പ്പറേഷനില്‍ ഉളള സ്ഥാനങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിരോധിക്കാനാണ് തീരുമാനം. വിഷയം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി. എം. എ സലാം പ്രതികരിച്ചു.
മുസ്ലിം ലീഗിന് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനമുന്നയിച്ച പാര്‍ട്ടിയാണ് ആര്‍എസ്പി. സംഘടിതമായി കൊള്ള നടത്താന്‍ സഹകരണമേഖലയെ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പാപഭാരം വഹിക്കാന്‍ ലീഗ് കൂട്ടുനില്‍ക്കണോ എന്നായിരുന്നു ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ വിമര്‍ശനം.
യുഡിഎഫ് ഘടകകക്ഷികള്‍ ഈ സര്‍ക്കാരിന്റെ ഏതൊക്കെ ബോര്‍ഡിലും സ്ഥാപനങ്ങളിലും അംഗങ്ങളായുണ്ട് എന്ന് പരിശോധിച്ചതിന് ശേഷം യുഡിഎഫില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും യുഡിഎഫിന് വിരുദ്ധമായ നയങ്ങള്‍ മുസ്ലിം ലീഗ് എടുക്കില്ലെന്നുമായിരുന്നു ഷിബു ബേബി ജോണിന് പിഎംഎ സലാമിന്റെ മറുപടി.
ഹമീദ് വിഷയം ചര്‍ച്ച ചെയ്യാമെന്നും , അപ്പോള്‍ എന്തെല്ലാം സ്ഥാനങ്ങള്‍ ആര്‍ക്കെല്ലാം ഉണ്ടെന്ന് അറിയാമെന്ന പ്രസ്താവനക്ക് പിന്നില്‍ കൃത്യമായ ലക്ഷ്യമുണ്ട്. ആര്.എസ്.പി നേതാവ് സജി ഡി ആനന്ദ് സംസ്ഥാന കശുവണ്ടി കോര്പ്പറേഷന് ഡയറക്ടറാണ്. ആര്.എസ്.പിയുടെ റ്റി. സി വിജയന് കാപക്സ് ഡയറക്ടറും വേണുഗോപാല്‍ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പറുമാണ്. കൊല്ലം ജില്ലയില്‍ മാത്രം സ്വാധീനമുള്ള ആര്.എസ്.പിക്ക് സര്‍ക്കാറിന്റെ മൂന്ന് സ്ഥാപനങ്ങളുടെ ഭരണതലത്തില്‍ പ്രാതിനിധ്യം ഉണ്ടെന്നും സഹകരണ മേഖലയില്‍ വലിയ സ്വാധീനമുള്ള ലീഗ് കേരള ബാങ്ക് ഡയറക്ടറായതിനെ വിമര്‍ശിക്കേണ്ടതില്ലെന്ന സന്ദേശമാണ് ലീഗ് നല്‍കുന്നത്.
അതേസമയം, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ യു.ഡി.എഫിലെന്ന പോലെ ലീഗിനകത്തും അതൃപ്തി പുകയുകയാണ്.