വടക്കാഞ്ചേരി ലൈഫ്മിഷൻ കേസിൽ സിബിഐയുടെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി കോടതി തള്ളിയത് സർക്കാരിന് തിരിച്ചടിയാണ്. എന്നാൽ സർക്കാരിന് ആശ്വാസകരമായ നിരീക്ഷണങ്ങളും ഹൈക്കോടതിയിൽ നിന്ന് ഉണ്ടായി.
നയപരമായ തീരുമാനം എടുത്ത സർക്കാരിനു വീഴ്ചപറ്റിയെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വ്യക്തിപരമായ ലാഭം പ്രതീക്ഷിച്ച് ഉദ്യോഗസ്ഥർ ഏർപ്പെട്ട കുറ്റകൃത്യമാണ് ഇത് എന്നും കോടതി പറഞ്ഞു.
ഉദ്യോഗസ്ഥരും അവരുടെ അടുപ്പക്കാരുമാണ് ലൈഫ്മിഷൻ ഇടപാടിൽ സംശയനിഴലിലുള്ളത്. രാഷ്ട്രീയ നേതൃത്വത്തിന് വീഴ്ചയുണ്ടായി എന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ഭരണ നേതൃത്വത്തിലേക്ക് കേസ് നീട്ടാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.