13കാരനായ മകനെ ലൈംഗികമായി അമ്മ പീഡിപ്പിച്ചു എന്ന കേസിൽ വൻ ട്വിസ്റ്റ്. ഭർത്താവ് വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിർത്തതിന്റെ വൈരാഗ്യമാണ് കേസിന് കാരണമെന്ന് സൂചന.
രണ്ടാം വിവാഹ നിയമപ്രകാരം ആണ് എന്ന് ഭർത്താവ് വാദിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന വാദവുമായി ജമാഅത്ത് കമ്മിറ്റി രംഗത്തെത്തി. രണ്ടാം വിവാഹം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കമ്മിറ്റി പ്രസിഡണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാം വിവാഹത്തെ എതിർത്ത് ഭാര്യ കോടതിയിൽ പോയിരുന്നു. പിന്നാലെ ഭർത്താവ് കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് ഭാര്യയ്ക്കെതിരെ ലൈംഗിക പീഡന പരാതി.
2019 നവംബറിൽ മാസംതോറും അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ ഭാര്യ സമീപിച്ചിരുന്നു. ഭർത്താവിന്റെ രണ്ടാം വിവാഹത്തെ എതിർത്ത ഭാര്യ മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത മാസം ഭർത്താവ് യുവതിയുടെ വീട്ടിൽ നിന്ന് കുട്ടികളെ കൂട്ടി കൊണ്ടുപോയി. തുടർന്ന് വിദേശത്തു എത്തിയപ്പോൾ കുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു എന്നാണ് പരാതി.
കേസിൽ അമ്മയുടെ ജാമ്യാപേക്ഷ പോക്സോ കോടതിക്കു മുമ്പാകെ വന്നപ്പോൾ പ്രോസിക്യൂട്ടർ എതിർത്തു. ലൈംഗിക പീഡനത്തിന് ഇരയായി എന്ന് കൗൺസിലിംഗ് റിപ്പോർട്ടിൽ കുട്ടി പറയുന്നുണ്ട് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചത്. കൗൺസിലിംഗ് നടത്തിയവർക്ക് മുന്നിലും മജിസ്ട്രേറ്റിന് മുന്നിലും കുട്ടി കാര്യങ്ങൾ ആവർത്തിച്ചതായി കേസ് ഡയറിയിൽ ഉണ്ടെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
എന്നാൽ ഈ വാദം തെറ്റാണെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. 2018 മുതൽ ഭാര്യഭർത്താക്കന്മാർ വേർ പിരിഞ്ഞു താമസിക്കുകയാണ്. നാലു മക്കൾ ആണ് ഇവർക്ക് ഉള്ളത്. ഇളയകുട്ടി ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. 2019ൽ ഭർത്താവ് രണ്ടാമത്തെ കുട്ടിയേയും നാലാമത്തെ കുട്ടിയേയും കൂടെ കൊണ്ടുപോയി. ഇതിനെതിരെ കേസ് നടക്കുന്നുണ്ട്. തുടർന്ന് ഭർത്താവ് മൂന്നു കുട്ടികളെയും വിദേശത്തേക്ക് കൊണ്ടുപോയി.
കുടുംബ കോടതി കേസ് പരിഗണിച്ചപ്പോൾ ഭർത്താവ് കുട്ടികളുമായി നാട്ടിലേക്ക് വന്നു. 13 വയസ്സുള്ള കുട്ടിയെ ഭർത്താവ് അമ്മയ്ക്കെതിരെ ഉപയോഗിക്കുകയാണ് എന്നാണ് ആരോപണം. പണവും സ്വാധീനവും ഉപയോഗിച്ച് അമ്മയെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു.