KeralaNEWS

പാലക്കാട് ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും സാധാരണക്കാരെ പിഴിഞ്ഞ് പ്രവർത്തിക്കുന്നത് 32 ലേറെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ; ഭൂരിഭാഗവും പ്രവർത്തിക്കുന്നത് നിയമങ്ങളെല്ലാം കാറ്റിൽ പറത്തി

ചിറ്റൂർ: പാലക്കാട് ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്നത് 32 ലേറെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. രേഖകളൊന്നും കൂടാതെ ഉടനടി പണം കിട്ടുമെന്നതാണ് സാധാരണക്കാരായ ഇടപാടുകാരെ ആകർഷിക്കുന്നത്. ആഴ്ച തോറുമുള്ള വായ്പ തിരിച്ചടവ് മുടങ്ങിയാൽ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞുമാണ് ഇവർ പണം പിടിച്ചു വാങ്ങുന്നത്.

ചിറ്റൂരിലെ ഒരു പണമിടപാടു സ്ഥാപനം പ്രവർത്തിക്കുന്നത് ഉൾപ്രദേശത്ത് അധികമാരുടെയും ശ്രദ്ധ പതിയാത്ത ഇടത്ത്. മിക്കയിടത്തും ഒരു ബോർഡ് പോലും ഇല്ല. സ്ഥാപനത്തിന് പുറത്തും അകത്തുമായി വായ്പ എടുക്കാൻ കാത്തിരിക്കുന്നത് നിരവധി സ്ത്രീകളാണ്. പണം നൽകാൻ ഉപാധികളുണ്ട്. 5 സ്ത്രീകളെങ്കിലും ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് ഉണ്ടെങ്കിൽ വായ്പ കിട്ടും. വോട്ടേഴ്സ് ഐഡിയോ ആധാർ കാർഡോ മാത്രം മതി. വായ്പ തരുമ്പോൾ ഇടപാടുകാർ യാതൊരു രേഖയിലും ഒപ്പിടേണ്ട. ഇടപാടുകാരുടെ വരുമാനം എത്രയെന്ന് പോലും അറിയേണ്ട. കാര്യം എളുപ്പം സാധിക്കും. പക്ഷെ പിന്നീട് പൊറുതി മുട്ടിക്കും, ഇതാണ് ഇത്തരം വായ്പാ സ്ഥാപനങ്ങളുടെ രീതി.

Signature-ad

ഏറ്റവും ചെറിയ വായ്പകളിലൊന്നായ 34000 രൂപ വായ്പ എടുക്കുമ്പോൾ കയ്യിൽ കിട്ടുക 30,000 രൂപ മാത്രമാണ്. മുൻകൂർ പലിശ എന്ന പേരിൽ 4000 രൂപ അപ്പോൾ തന്നെ പിടിക്കും. ആഴ്ച്ച തോറും അടക്കേണ്ടത് ഏകദേശം 650 രൂപ. 34000 രൂപ വായ്പപയെടുത്ത ഒരാൾ ഒന്നരക്കൊല്ലം കൊണ്ട് തിരിച്ചടക്കേണ്ടത് 50800 രൂപ. തുകയുടെ വലിപ്പമനുസരിച്ച് തിരിച്ചടവും കൂടും.

പരമാവധി 18% വരെ മാത്രമെ പലിശ ഈടാക്കാവൂവെന്നതും ഇടപാടുകാരുടെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങരുത്, രാത്രി പണം പിരിക്കാൻ ചെല്ലരുത് തുടങ്ങിയ വ്യവസ്ഥയുമൊന്നും ഇവർക്ക് ബാധകമല്ല. എങ്കിലും വായ്പ ലഭിക്കാൻ എളുപ്പമാണെന്നതാണ് സാധാരണക്കാരെ ഇവരുടെ അടുത്തെത്തിക്കുന്നത്. പാലക്കാട് പോലെ സാമ്പത്തികമായ പിന്നോക്കം നിൽകുന്ന പ്രദേശങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവ‍ർത്തിക്കുന്നത് ബ്ലേഡ് പലിശക്കാരേക്കാൾ ക്രൂരമായ തന്ത്രങ്ങളുമായാണ് എന്നതാണ് വ്യക്തമാകുന്നത്.

Back to top button
error: