SportsTRENDING

ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനക്കും മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനും ഞെട്ടിക്കുന്ന തോല്‍വി

ബ്യണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ അർജൻറീനക്കും മുൻ ചാമ്പ്യൻമാരായ ബ്രസീലിനും ഞെട്ടിക്കുന്ന തോൽവി. ലാറ്റിനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ മുൻ ചാമ്പ്യൻമാരായ യുറുഗ്വേയാണ് ലോക ചാമ്പ്യൻമാരായ അർജൻറീനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്. റൊണാൾഡ് അറൗജോയും ഡാർവിൻ ന്യൂനസുമാണ് യുറുഗ്വോയുടെ ഗോളുകൾനേടിയത്. 41-ാ മിനിറ്റിൽ അറൗജോയിലൂടെ ലീഡെടുത്ത യുറുഗ്വേ 87-ാം മിനിറ്റിൽ ന്യൂനസിൻറെ ഗോളിലൂടെ ജയം ഉറപ്പിച്ചു.

ഡിസംബറിൽ ലോകകപ്പ് നേടിയശേഷം അർജൻറീനയുടെ ആദ്യ തോൽവിയാണിത്. ലോകകപ്പ് ആദ്യ റൗണ്ടിൽ സൗദി അറേബ്യയോടാണ് ഇതിന് മുമ്പ് അർജൻറീന അവസാനമായി തോൽവി അറിഞ്ഞത്. മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിൽക്കെ 57ാം മിനിറ്റിൽ നായകൻ ലിയോണൽ മെസിയെടുത്ത ഫ്രീ കിക്ക് യുറുഗ്വേൻ പോസ്റ്റിൽ തട്ടി മടങ്ങിയത് അർജൻറീനയുടെ നിർഭാഗ്യമായി.

Signature-ad

തോറ്റെങ്കിലും ലാറ്റിനമേരിക്കൽ യോഗ്യതാ റൗണ്ടിൽ അഞ്ച് മത്സരങ്ങളിൽ 10 പോയൻറുമായി അർജൻറീന തന്നെയാണ് മുന്നിൽ. യുറുഗ്വേക്കും 10 പോയൻറുണ്ടെങ്കിലും ഗോൾ ശരാശരിയിൽ രണ്ടാമതാണ്. മ്പത് പോയൻറുള്ള കൊളംബിയ മൂന്നാമതും എട്ട് പോയൻറുള്ള വെനസ്വേല നാലാമതുമാണ്.

അതേസമയം മറ്റൊരു പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ ബ്രസീലും തോൽവി അറിഞ്ഞു. കൊളംബിയ ആണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രസീലിനെ വീഴ്ത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിൻറെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നാലാം മിനിറ്റിൽ ലീഡെടുത്തശേഷമാണ് രണ്ട് ഗോൾ വഴങ്ങി ബ്രസീൽ തോൽവി വഴങ്ങിയത്. ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ബ്രീസിലിന് തുടക്കത്തിലെ ലീഡ് സമ്മാനിച്ചത്. എന്നാൽ 25-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ഇടതു തുടയിൽ പരിക്കേറ്റ് മടങ്ങിയതോടെ ബ്രസീലിൻറെ പദ്ധതികൾ തകിടം മറിഞ്ഞു.

ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡുമായി മടങ്ങിയ ബ്രസീലിനെ 75ാം മിനിറ്റിൽ ലൂയിസ് ഡയസിൻറെ ഗോളിലൂടെ സമനിലയിൽ തളച്ച കൊളംബിയ നാല് മിനിറ്റിനകം ഡയസിലൂടെ തന്നെ ലീഡെടുത്ത് മുന്നിലെത്തി. സമനില ഗോളിനായുള്ള ബ്രസീലിൻറെ ശ്രമങ്ങളെല്ലാം പാഴായപ്പോൾ തുടർച്ചയായ രണ്ടാം തോൽവിയുമായി മുൻ ചാമ്പ്യൻമാർ മടങ്ങി. തോൽവിയോടെ ബ്രസീൽ യോഗ്യതാ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു, ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ ആദ്യ ആറ് സ്ഥാനക്കാരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. 2026ൽ മെക്സിക്കോയിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിൽ 48 ടീമുകളാണ് മത്സരിക്കുക.

ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്നലെ രാത്രി നടന്ന മത്സരത്തിൽ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഇന്ത്യ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.എഴുപത്തിയഞ്ചാം മിനിറ്റിൽ മൻവീർ സിംഗാണ് ഇന്ത്യയെ രക്ഷിച്ച ഗോൾ നേടിയത്. ചാംഗ്തേയുടെ പാസിൽ നിന്നായിരുന്നു മൻവീറിന്റെ ഗോൾ. ഗ്രൂപ്പ് എയിൽ മൂന്ന് പോയിൻറുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൊവ്വാഴ്ച ഗ്രൂപ്പിലെ കരുത്തരായ ഖത്തറിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Back to top button
error: