CrimeNEWS

വീട്ടില്‍നിന്ന് പുറത്താക്കി, മുന്‍പും പോക്സോ; അസ്ഫാക് ആലം എന്ന കൊടുംകുറ്റവാളി

കൊച്ചി: മിക്കസമയത്തും ലഹരിയില്‍ ജീവിക്കുന്ന ഒരു കൊടുംക്രിമിനല്‍. അതാണ് ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം. കേരളത്തില്‍ എത്തുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന അസ്ഫാക്കിനെതിരേ ഡല്‍ഹി ഖാസിപുര്‍ പോലീസില്‍ പോക്സോ കേസ് നിലവിലുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്.

ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലത്തെ നേരത്തെ വീട്ടില്‍നിന്ന് പുറത്താക്കിയതാണെന്നാണ് ബന്ധുക്കള്‍ പോലീസ് സംഘത്തോട് പറഞ്ഞിരുന്നത്. സ്ഥിരംമദ്യപാനിയായിരുന്ന ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് ഇത് ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ മൊഴി. നേപ്പാളില്‍നിന്ന് മദ്യം കടത്തിക്കൊണ്ടുവന്നാണ് അസ്ഫാക് കുടിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അക്രമസ്വഭാവം കാണിക്കും. ഇതോടെ ഗ്രാമസഭ കൂടിയാണ് വീട്ടില്‍നിന്ന് പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

Signature-ad

2018-ലാണ് അസ്ഫാക് ആലം ഡല്‍ഹിയിലെ പോക്സോ കേസില്‍ അറസ്റ്റിലായത്. ഖാസിപൂരിലെ മത്സ്യമാര്‍ക്കറ്റിനോട് ചേര്‍ന്ന് തെര്‍മോക്കോള്‍ ബോക്സ് നിര്‍മിക്കുന്ന കമ്പനിയിലായിരുന്നു ഇയാളുടെ ജോലി. ഇതിനിടെയാണ് പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോലീസിന്റെ പിടിയിലായത്.

പ്രതിയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി പത്തുവയസ്സുകാരി ആദ്യം കുളിമുറിയില്‍ കയറി ഒളിച്ചിരുന്നു. എന്നാല്‍, പിന്തുടര്‍ന്നെത്തിയ അസ്ഫാക് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രതിയുടെ കൈത്തണ്ടയില്‍ കടിച്ചാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. കുട്ടിയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ വിവരമറിഞ്ഞത്. വൈകാതെ പോക്സോ കേസില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ശ്രമിച്ച കേസില്‍ ഒരുമാസത്തോളമാണ് അസ്ഫാക് ആലം റിമാന്‍ഡില്‍ കഴിഞ്ഞത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി ഒരുവര്‍ഷത്തോളം ഡല്‍ഹിയില്‍ ജോലിതുടര്‍ന്നു. ഇതിനുശേഷം ബിഹാറിലേക്ക് മടങ്ങിയ അസ്ഫാക്, പിന്നാലെ കേരളത്തിലേക്ക് എത്തി.

 

Back to top button
error: