KeralaNEWS

രണ്ടുദിവസം മുമ്പല്ല വേദി തീരുമാനിക്കേണ്ടത്; കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതില്‍ മന്ത്രി റിയാസ്

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ജാള്യത മറയ്ക്കാനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനും സര്‍ക്കാര്‍ പരിപാടി കുളമാക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്, 25 ദിവസം മുന്‍പ് അവിടെ ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുന്‍പല്ല വേദി തീരുമാനിക്കേണ്ടത്, കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോ എന്നും റിയാസ് കോഴിക്കോട്ട് വെച്ച് പറഞ്ഞു.

Signature-ad

അതേസമയം, ആര് അനുവാദം നല്‍കിയില്ലെങ്കിലും റാലി നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ പറഞ്ഞു. റാലിയുമായി മുന്നോട്ട് പോകും. പിന്നോട്ട് ഇല്ല. അര ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയാണ്. അതിന് ബീച്ച് തന്നെ വേദി വേണം. ഒരു ദിവസത്തെ ഇടവേളയുണ്ട് എന്നിട്ടും കലക്ടര്‍ നവകേരള സദസിന്റെ പേരില്‍ അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതിലൂടെ പലസ്തീന്‍ വിഷയത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥതയില്ലെന്ന് വ്യക്തമായി.

സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം. തൊട്ടടുത്ത് സ്റ്റേജ് കെട്ടാനുള്ള അനുവാദം പോലും നല്‍കിയില്ല. കോഴിക്കോട് കടപ്പുറത്ത് തന്നെ വേദിയില്‍ പരിപാടി നടത്തും. കലക്ടര്‍ പോസിറ്റീവ് ആയാണ് പ്രതികരിച്ചത് പക്ഷെ പെട്ടെന്ന് തീരുമാനം മാറ്റി. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഇതോടെ വെളിവായി. ശശി തരൂരും റാലിയില്‍ പങ്കെടുക്കുമെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.

 

 

 

Back to top button
error: