ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളംമറിഞ്ഞു കാണാതായ രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ചിന്നക്കനാല്‍ 301 ആദിവാസി കോളനി സ്വദേശികളായ നിരപ്പേല്‍ ഗോപി (62), പാറക്കല്‍ സജീവന്‍ (38) എന്നിവരെയാണ് കാണാതായത്. മറുകരയിലെ ആനക്കൂട്ടത്തെ കണ്ടു ഭയന്നു തുഴയുമ്പോഴാണു വള്ളം മറിഞ്ഞതെന്നാണ് വിവരം. വള്ളം മറിഞ്ഞതിന്റെ മറുഭാഗത്തു ജലാശയത്തില്‍ 8 ആനകളുടെ ഒരു കൂട്ടവും ചക്കക്കൊമ്പന്‍ എന്ന ഒറ്റയാനും നില്‍ക്കുന്നുണ്ടായിരുന്നു. വള്ളം മറിഞ്ഞു കാണാതായ സജീവന്റെ അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാട്ടാനയുടെ ആക്രമണത്തിലാണ് മരിച്ചത്. 2008ലാണ്, സജീവന്റെ അമ്മ മോളി കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ പൂപ്പാറ ടൗണില്‍ പോയി സാധനങ്ങള്‍ വാങ്ങി ആനയിറങ്കലിലെത്തിയ ഗോപിയും സജീവനും ഉച്ചയ്ക്കു 12നു ജലാശയത്തിലൂടെ വള്ളത്തില്‍ കോളനിയിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളത്തില്‍ വീണ ഗോപി ഉടന്‍ മുങ്ങിപ്പോയി. കരയിലേക്കു നീന്തിക്കയറാന്‍ ശ്രമിച്ച സജീവന്റെ നിലവിളി ഇയാളുടെ മരുമകന്‍ രഞ്ജിത് കേട്ടിരുന്നു. രഞ്ജിത് ഓടിയെത്തിയപ്പോഴേക്കും ഗോപിയും മുങ്ങിത്താഴ്ന്നു.
അഗ്‌നിരക്ഷാസേനയും സ്‌കൂബ ടീമും ഇന്നലെ മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തിരച്ചില്‍ ഇന്നു രാവിലെ പുനരാരംഭച്ചു. സജീവന്റെ ഭാര്യ അനി. മക്കള്‍: സനു, സംഗീത, സമൃദ്ധ, സന. പരേതയായ ലക്ഷ്മിയാണു ഗോപിയുടെ ഭാര്യ. മക്കള്‍: സുമ, മോഹനന്‍. മരുമക്കള്‍: രഞ്ജിത്, ലത.