ജയൻ മൺറോ
‘ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്ന് കേട്ടാലോ തിളക്കേണം ചോര ഞരമ്പുകളിൽ…’
കേരളീയത്തിന്റെ ജനജീവിതവും കലാ സംസ്ക്കാരിക വൈവിദ്ധ്യങ്ങളും രുചി ഭേദങ്ങളും ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് കേരളീയത്തിന്റെ ഏറ്റവും വലിയ നേട്ടം. കൊച്ചി ബിനാലെയും, ബേപ്പൂർ ഫെസ്റ്റുമൊക്കെ കേരളത്തിന്റെ ജീവിത കലാസാംസ്കാരിക വൈവിധ്യങ്ങളെ ലോകത്തിനു മുമ്പിൽ കാട്ടി കൊടുക്കുന്ന ആഘോഷങ്ങളാണ്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും സിംഗപ്പൂർ ഷോപ്പിംഗ് ഫെസ്റ്റിവലും ആ രാജ്യങ്ങളുടെ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്. അതുപോലെ കേരളീയം സമീപഭാവിയിലെ നമ്മുടെ ഒരു വരുമാന സ്രോതസ്സായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കേരളത്തിൽ ഐടി, ടൂറിസം, മെഡിക്കൽ, എം എസ് എം ഇ മേഖലകളിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും വിപ്ലവകരമായ മാറ്റമാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനും, ഭവനരഹിതർക്ക് വീട് നൽകുന്നതിനും, അർഹമായവർക്ക് ക്ഷേമപെൻഷനുകൾ നൽകുന്നതിനും, സൗജന്യമായി എറ്റവും മികവാർന്നതുമായ വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ ദ്യേമാക്കുന്നതിനും, പൊതുവിതരണ സംവിധാനം മികവാർന്ന രീതിയിൽ കൊണ്ടുപോകുന്നതിനും, ഇന്റർനെറ്റ് പൗരന്റെ മൗലികാവകാശമാക്കുന്നതിനും, കലാസാംസ്കാരിക സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനും, ഒരു വർഷം കൊണ്ട് ഒന്നരലക്ഷം സംരംഭങ്ങൾ തുടങ്ങിയതിലൂടെ ഇവിടെ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിലും, കുടുംബശ്രീ തൊഴിലുറപ്പ് മേഖലകളിൽ ശക്തമായി ഇടപെടുന്നതിനും മുന്തിയ പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്.
ഇതോടൊപ്പം നമ്മുടെ നാടിന്റെ വൈവിധ്യമാർന്ന കലാസാംസ്കാരികപ്പെരുമയും ഭക്ഷണ രുചികളുടെ വൈവിധ്യങ്ങളും നാം കൈവരിച്ച നേട്ടങ്ങളും മനോഹരമായ ഭൂപ്രകൃതിയും ടൂറിസം സാദ്ധ്യതകളും കേരളീയത്തിലൂടെ നാം ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുകയാണ് ചെയ്തത്. കഴിഞ്ഞദിവസം ഒരു ചാനൽ അവതാരകൻ, ശോഭനയുടെ ഡാൻസും ശങ്കർ മഹാദേവന്റെ പാട്ടും കൊണ്ട് നാം എന്താണ് ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുന്നതെന്ന് വിമർശിക്കുകയുണ്ടായി. കേരളീയത്തിലൂടെ അനന്തപുരിയിലെ കാഴ്ചകൾ ഓരോന്നും അടുത്ത ഒരു കൊല്ലം കൊണ്ട് ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കുമ്പോൾ വരും വർഷങ്ങളിൽ കേരളീയം അതിന്റെ വ്യക്തമായ ഫലം നമുക്ക് നൽകും. പ്രകൃതീ സൗന്ദര്യത്തിൽ, രുചി വൈവിദ്ധ്യങ്ങളിൽ, വിവിധങ്ങളായ കലാ മേളങ്ങളിൽ ഓരോ മലയാളിയും കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത പുതിയോരു ലോകം കേരളീയം കാഴ്ചക്കാർക്കു മുന്നിൽ വർണപൊലിമയോടെ അവതരിപ്പിച്ചു. എന്തിന് ടൂറിസത്തിന്റെ അനന്തസാദ്ധ്യതകളിലേയ്ക്ക് ലോക ശ്രദ്ധ ആകർഷിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ഉയർത്തെഴുനേൽപ്പാണ് സഫലമാകുക. നാടകം, സിനിമ, നാട്യ കലകൾ, ക്ഷേത്ര കലകൾ, താളവാദനങ്ങൾ, നാടോടി കലാരൂപങ്ങൾ, ഗോത്രവർഗ്ഗ കലാരൂപങ്ങൾ എന്നിവയിലൂടെ കേരളത്തിലെ നാലായിരത്തോളം വരുന്ന കലാകാരന്മാരുടെ കലാപ്രകടനങ്ങൾ ആരിലും വിസ്മയം ജനിപ്പിക്കുന്നതായിരുന്നു. കലയും ഹൃദയഹാരിയായ കാഴ്ചകളും, കേരളത്തിലെ സംരംഭകരുടെ നൂതന സാങ്കേതികവിദ്യകളും, പാചക പ്പെരുമയുമൊക്കെ നാം അറിഞ്ഞതിനൊപ്പം ലോകവും അറിയുന്നു.അന്താരാഷ്ട്ര പുസ്തകോത്സവവും ദീപാലങ്കാരവും കേരളീയത്തിന്റെ മുഖ്യാകർഷണങ്ങളായിരുന്നു. നമ്മുടെ നാടിന്റെ വിഷയങ്ങളേയും വികസനോന്മുഖ വിഷയങ്ങളേയും അധികരിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ഫലവത്തായ ധാരാളം സെമിനാറുകൾ കേരളീയത്തിന്റെ മറ്റൊരു സവിശേഷത തന്നെ. കൂടാതെ കേരളീയം കൊണ്ട് കച്ചവടങ്ങളിലൂടെ നേട്ടം കൊയ്ത സാധാരണക്കാരും പാവപ്പെട്ടവരും. ഇതൊന്നും നാം കാണാതെ പോകരുത്. എല്ലാവരെയും സമഭാവനയോടെ കണ്ട ഒരു മഹോത്സവമായിരുന്നു കേരളീയം. മികച്ച സംഘാടനം തന്നെയായിരുന്നു കേരളീയത്തിന്റെ വിജയം. തീർച്ചയായും സംഘാടകർക്ക് അതിൽ അഭിമാനിക്കാം.
തുടക്കം എന്ന നിലയിൽ ചുരുക്കം ചില പോരായ്മകൾ ഉണ്ടായിരുന്നു. വൈകിട്ട് ആറുമണി മുതൽ രാത്രി 12 മണി വരെ കവടിയാർ മുതൽ കിഴക്കേകോട്ട വരെ കെഎസ്ആർടിസിയുടെ സർക്കിൾ സർവീസ് ഓരോ പത്തു മിനിറ്റ് ഇടയിലും ഉണ്ടാകേണ്ടതായിരുന്നു. ഇക്കാലത്ത് സൗജന്യ യാത്രയുടെ ഒരാവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. കെഎസ്ആർടിസി ക്കൊപ്പം ആട്ടോ സർവീസുകളും മുഖ്യവീഥികളിലൂടെ പോകുവാനുള്ള സൗകര്യം ചെയ്യേണ്ടതായിരുന്നു. ഫുഡ് കോർട്ടുകളിലെ മുഖ്യ ആകർഷണ കേന്ദ്രമായിരുന്ന സൂര്യകാന്തിയിലെ കുടുംബശ്രീയുടെ ഫുഡ് കോർട്ടിൽ ചെന്ന് എത്തുന്നതും തിരികെ പോരുന്നതും ഒരു ഹെർക്കൂലിയൻ ടാസ്ക് തന്നെ. വാഹന സൗകര്യമുള്ള തൊട്ടടുത്ത ഏതെങ്കിലും ഗ്രൗണ്ടിൽ കേന്ദ്രീകരിക്കണമായിരുന്നു കുടുംബശ്രീയുടെ ഫുഡ് കോർട്ട്. വരും വർഷങ്ങളിൽ കുറവുകൾ പരിഹരിച്ച് കേരളീയം കുറ്റമറ്റതായി ലോകത്തിനു മുമ്പിൽ തിളങ്ങട്ടെ.