KeralaNEWS

കെ.എ ഫ്രാൻസിസ് അന്തരിച്ചു, മലയാള മനോരമ ആഴ്ചപ്പതിപ്പ്  പത്രാധിപരും കേരള ലളിതകലാ അക്കാദമി  ചെയർമാനുമായിരുന്നു

     മലയാള മനോരമയിൽ അരനൂറ്റാണ്ടിലേറെകാലം  പ്രവർത്തിച്ച ആഴ്ചപ്പതിപ്പ് മുൻ പത്രാധിപരും ചിത്രകാരനുമായ കെ.എ.ഫ്രാൻസിസ് (76) അന്തരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ തൃശൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന്  ചികിത്സയിലായിരുന്നു.  ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ ലളിതകലാ അക്കാദമിയിലെ പൊതുദർശനത്തിനു ശേഷം നാളെ കോട്ടയത്തു സംസ്കാരം.

1947 ഡിസംബർ 1 ന് തൃശൂർ കുറുമ്പിലാവിലാണ് ജനനം.  ചിത്രകാരനും കോഴിക്കോട്ടെ യൂണിവേഴ്സൽ ആർട്സ് സ്ഥാപകനുമായ കെ.പി ആന്റണിയാണ് പിതാവ്. 1970ൽ മനോരമയിൽ പത്രപ്രവർത്തകനായി. വിവിധ എഡിഷനുകളിൽ പ്രവർത്തിച്ച ശേഷം1999 മുതൽ 2002 വരെ കണ്ണൂർ യൂണിറ്റ് മേധാവിയായി. തുടർന്നാണ് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്തത്. 2021 ഡിസംബർ 31നു വിരമിച്ചു. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം.
മനോരമ ദിനപത്രത്തിനായി കെ.എ ഫ്രാൻസിസ് രൂപകൽപന ചെയ്ത ഒന്നാംപേജിനു ന്യൂസ് പേപ്പർ ലേഔട്ട് ആൻഡ് ഡിസൈൻ ദേശീയ അവാർഡ് ലഭിച്ചു.

Signature-ad

തൃശൂർ തട്ടിൽ നടയ്ക്കലാൻ കുടുംബാംഗമായ ബേബിയാണ് ഭാര്യ. മക്കൾ: ഷെല്ലി ഫ്രാൻസിസ് (കെഎം ട്രേഡിങ് കമ്പനി ദുബായ്), ഡിംപിൾ (മലയാള മനോരമ), ഫ്രെബി (ഗ്രോവെയർ സൊല്യുഷൻസ്). മരുമക്കൾ: ദീപ, ജോഷി ഫ്രാൻസിസ് കുറ്റിക്കാടൻ, അഡ്വ. ജിബി ജേക്കബ് മണലേൽ.

Back to top button
error: