കുടുംബ കലഹത്തെയും ഭർതൃ പീഡനത്തെയും കുറിച്ച് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ കൗൺസലിങ്ങിനായി പാസ്റ്ററുടെ അടുത്തേക്കു പറഞ്ഞയച്ച എസ്ഐക്കു സസ്പെൻഷൻ. കൗൺസലിങ്ങിനിടെ ചിരിച്ചു എന്ന കാരണത്താൽ യുവതിയെ പാസ്റ്റർ മർദ്ദിച്ചതിന്റെ പേരിൽ പാസ്റ്റർക്കും ഭാര്യക്കുമെതിരെ പൊലീസ് കേസ്.
വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഏബ്രഹാം ഐസക്കിനെയാണു ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്. 6 മാസം മുമ്പാണ് വെള്ളത്തൂവൽ സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതിയുമായി യുവതിയെത്തിയത്.
ഭർത്താവിനു കൗൺസലിങ് നടത്തി പ്രശ്നപരിഹാരത്തിന് എസ്.ഐ ശ്രമിച്ചെങ്കിലും വീണ്ടും വീട്ടുവഴക്കുണ്ടായി. ഇതോടെ എസ്ഐ യുവതിയെ അടിമാലി പൂഞ്ഞാറുകണ്ടത്തെ പാസ്റ്ററുടെ വീട്ടിൽ കൗൺസലിങ്ങിന് അയച്ചു. കൗൺസലിങ്ങിനിടെ ചിരിച്ചതിന് യുവതിയെ പാസ്റ്റർ മർദ്ദിച്ചെന്നാണു പരാതി. ഇടുക്കി വനിതാ സ്റ്റേഷനിൽ കഴിഞ്ഞ 18നു യുവതി പരാതി നൽകി.
ഇതോടെ ആദ്യ പരാതിയിൽ എസ്ഐയെടുത്ത നടപടികളെപ്പറ്റി അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ഇടുക്കി ഡിവൈഎസ്പിക്കു നിർദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. വർഷങ്ങളായി അറിയുന്ന കുടുംബമാണെന്നും അവരെ സഹായിക്കാനുള്ള നല്ല ഉദ്ദേശ്യത്തോടെയാണ് പാസ്റ്ററുടെ അടുത്ത് എത്തിച്ചതെന്നും എസ്ഐ പറഞ്ഞു. സംഭവം നടന്ന് മാസങ്ങൾക്കു ശേഷം യുവതി പരാതിയുമായെത്തിയതു ദുരൂഹമാണെന്നും എസ്.ഐ ഏബ്രഹാം ഐസക്ക് പറയുന്നു.