ഓസ്ട്രേലിയയെ തോല്‍പ്പിച്ചിരുന്നെങ്കില്‍, ആദ്യമായി ലോകകപ്പ് സെമി ഫൈനലിലെത്തുകയെന്ന ചരിത്രനേട്ടത്തിലേക്ക് അഫ്ഗാനിസ്ഥാന് മുന്നേറാനാകുമായിരുന്നു. അഫ്ഗാനിസ്ഥാൻ തോറ്റത് ഫലത്തില്‍ പാക്കിസ്ഥാനും ന്യൂസിലൻഡിനും അനുഗ്രഹമായി. നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഇപ്പോള്‍ ന്യൂസിലൻഡാണ് (+0.398) നാലാം സ്ഥാനത്തുള്ളത്. 8 പോയിന്റുള്ള പാക്കിസ്ഥാൻ (+0.036) അഞ്ചാം സ്ഥാനത്തും, ഇതേ പോയിൻ്റുള്ള അഫ്ഗാനിസ്ഥാൻ (-0.338) ആറാം സ്ഥാനത്തുമാണുള്ളത്.
അടുത്ത മത്സരത്തില്‍ മൂന്ന് ടീമുകള്‍ക്കും മികച്ച മാര്‍ജിനില്‍ ജയിക്കാനാകണം എന്ന നിലയാണ് ഇപ്പോഴുള്ളത്. അടുത്ത മത്സരം ജയിച്ചാല്‍ ന്യൂസിലൻഡിനാണ് സാധ്യതയേറെ. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റാണ് വ്യാഴാഴ്ച ശ്രീലങ്കയെ നേരിടാൻ കീവീസ് ടീമെത്തുന്നത്.
അഫ്ഗാനിസ്ഥാന്റെ അപ്രതീക്ഷിത കുതിപ്പാണ് അവസാന നാലിലേക്കുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്. അവസാന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് റാഷിദ് ഖാന്റേയും കൂട്ടരുടേയും എതിരാളികള്‍.
അതേസമയം, വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന് കളമൊരുങ്ങണമെങ്കില്‍, ന്യൂസിലൻഡും അഫ്ഗാനും തോല്‍ക്കുകയും പാക്കിസ്ഥാൻ ജയിക്കുകയും വേണം. അങ്ങനെയെങ്കില്‍ ലോകകപ്പ് ആവേശം പതിന്മടങ്ങ് വര്‍ധിക്കുമെന്നുറപ്പാണ്. ലോക ക്രിക്കറ്റിലെ ചിരകാലവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റുമുട്ടുമ്ബോള്‍ ലോകമെമ്ബാടുമുള്ള കാഴ്ചക്കാരുടെ എണ്ണവും കുതിച്ചുയരുന്നത് ഇതിന് തെളിവാണ്. നവംബര്‍ 11ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇംഗ്ലണ്ടിനെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.