IndiaNEWS

രോഗികളെ 4 മണിക്കൂര്‍ മയക്കിക്കിടത്തി ഡോക്ടര്‍ ചായ കുടിക്കാന്‍ പോയി, സര്‍ക്കാർ സംഘടിപ്പിച്ച ഗര്‍ഭനിരോധന ശസ്ത്രക്രിയാ ക്യാമ്പിനിടയിലാണ് സംഭവം

     അനസ്തീഷ്യ നല്‍കിയ രോഗികളെ നാല് മണിക്കൂറോളം ഓപ്പറേഷന്‍ തീയേറ്ററില്‍ കിടത്തിയ ശേഷം ഡോക്ടര്‍ ചായ കുടിക്കാന്‍ പോയി. നാഗ്പൂരിലെ ഖാത് ഗ്രാമത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഗര്‍ഭനിരോധന ശസ്ത്രക്രിയാ ക്യാമ്പിലായിരുന്നു സംഭവം.

നാഗ്പൂരിലെ പര്‍സിയോനി എന്ന ഗ്രാമത്തിലെ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ. ബലാവിക്കെതിരെയാണ് ഗ്രാമവാസികള്‍ ജില്ലാ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ചായ കുടിക്കാനായി പുറത്തുപോയ ഡോക്ടര്‍ പിന്നീട് നാല് മണിക്കൂറോളം കഴിഞ്ഞ് രാത്രി ഏഴ് മണിക്കാണത്രേ തിരിച്ചെത്തിയത്.

Signature-ad

സംഭവത്തിന് പിന്നാലെ ഡോക്ടറില്‍ നിന്ന് വിശദീകരണം തേടി. അന്വേഷണ സംഘം ഇന്നലെ (ചൊവ്വ) ആശുപത്രിയിലെത്തി ജീവനക്കാരുടെയും ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് 40 കിലോമീറ്റര്‍ ആകലെയുള്ള ഒരു പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് ഗര്‍ഭനിരോധന ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. ഇതിനായി ഇവിടെ ഓപറേഷന്‍ തീയറ്റര്‍ സജ്ജീകരിച്ചിരുന്നു.

എന്നാല്‍ ഡോക്ടര്‍ കാര്യങ്ങളെ ലാഘവത്തോടെ കണ്ടുവെന്നും രോഗികളുടെ അവസ്ഥ അനിശ്ചിതത്വത്തിലാക്കി ചായ കുടിക്കാന്‍ 40 കിലോമീറ്റര്‍ ആകലെ നാഗ്പൂരിലേക്ക് വാഹനം ഓടിച്ച് പോയെന്നുമാണ് ഗ്രാമവാസികളുടെ ആരോപണം. ഉച്ചയ്ക്ക് 2.30ന് ക്യാമ്പില്‍ നിന്ന് പോയ ഡോക്ടര്‍ രാത്രിയാണ് തിരിച്ചെത്തിയതെന്നും ഇവര്‍ പറയുന്നു.

സര്‍ക്കാറിന്റെ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പതിവായി  ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. ഏഴ് സ്ത്രീകള്‍ക്കും ഒരു പുരുഷനും ഉള്‍പ്പെടെ എട്ട് ശസ്ത്രക്രിയകളാണ് നവംബര്‍ മൂന്നാം തീയതി നിശ്ചയിച്ചിരുന്നത്. എട്ട് ശസ്ത്രക്രിയകളും വിജയകരമായിരുന്നു എന്നും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചു എന്നും ഡി.എം.ഒ പറഞ്ഞു.

എന്നാല്‍, പ്രമേഹ രോഗിയായ തനിക്ക് ശസ്ത്രക്രിയക്കിടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകുന്ന ഹൈപോഗ്ലൈസീമിക് അറ്റാക് (Hypoglycemic Attack) എന്ന അവസ്ഥയുണ്ടായെന്നും അതുകൊണ്ടാണ് ചായ കുടിക്കാന്‍ പോയതെന്നുമാണ് ഡോക്ടര്‍ വിശദീകരണം നല്‍കിയത്.

ഡോ. ബലാവി പ്രമേഹ രോഗിയാണെന്നും നാല് ശസ്ത്രക്രിയകള്‍ കഴിഞ്ഞപ്പോള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് ക്ഷീണം അനുഭവപ്പെടുകയായിരുന്നുവെന്നും ആരോഗ്യ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഡോക്ടര്‍ ചായ ആവശ്യപ്പെട്ടെങ്കിലും പി എച്ച് സിയില്‍ ആരും അത് നല്‍കിയില്ലെന്നും ഡോക്ടര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായാണ് മനസിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോപണവിധേയനായ ഡോക്ടര്‍ തന്നെയാണോ പിന്നീട് നടന്ന നാല് ശസ്ത്രക്രിയകളും പൂര്‍ത്തിയാക്കിയതെന്ന് ആധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിഷയത്തില്‍ എല്ലാ വസ്തുതകളും അന്വേഷണത്തില്‍ പുറത്തുവരുമെന്നും ഒന്നും മറച്ചുവെയ്ക്കില്ലെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.

Back to top button
error: