തിരുവനന്തപുരം: കേരളീയത്തിൽ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബർ ഒന്നു മുതൽ ഏഴു വരെ കനകക്കുന്നിൽ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോർട്ട്, ഉൽപന്ന പ്രദർശന വിപണന സ്റ്റാളുകൾ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകർ സ്വന്തമാക്കിയത്. ‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ് കോർട്ടിൽ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉൽപന്ന പ്രദർശന വിപണന മേളയിൽ നിന്നും 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്.
കേരളീയം അവസാന ദിവസമായ നവംബർ ഏഴിനാണ് ഫുഡ്‌കോർട്ടിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് ലഭിച്ചത്. 18.56 ലക്ഷം രൂപ. ബ്രാൻഡഡ് ഭക്ഷ്യവിഭവങ്ങളുടെ ശ്രേണിയിൽ പുതുമയിലും സ്വാദിലും വേറിട്ടു നിന്ന അട്ടപ്പാടിയുടെ വനസുന്ദരി ഏറ്റവും കൂടുതൽ വിറ്റുവരവ് നേടി ഫുഡ്‌കോർട്ടിലെ താരമായി. 15.63 ലക്ഷമാണ് സംരംഭകർ സ്വന്തമാക്കിയത്. കുടുംബശ്രീ ഉൽപന്ന പ്രദർശന വിപണന മേളയിലും ആകർഷകമായ വിറ്റുവരവ് നേടാനായി. ഏറ്റവും കൂടുതൽ നവംബർ അഞ്ചിനാണ്. 10.08 ലക്ഷം രൂപ.
കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന പതിനാല് കാന്റീൻ കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോർട്ടിൽ പങ്കെടുത്തത്. ഉദ്ഘാടന ദിനം മുതൽ കുടുംബശ്രീയുടെ ‘മലയാളി അടുക്കള’യിലേക്ക് ഭക്ഷണപ്രേമികൾ ഒഴുകിയെത്തുകയായിരുന്നു. കേരളത്തനിമയുള്ള നാടൻ ഭക്ഷ്യവിഭവങ്ങളുടെ സ്വാദും വൈവിധ്യവുമാണ് ‘മലയാളി അടുക്കള’ക്ക് വമ്പിച്ച ജനപങ്കാളിത്തം നേടിക്കൊടുത്തത്.
കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂർവ അവസരം ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്തു. ലക്ഷക്കണക്കിന് പേർ സന്ദർശിച്ച ഫുഡ്‌കോർട്ടിലും വിപണന സ്റ്റാളിലും പൂർണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്‌ക്കരണം നടപ്പാക്കാൻ കഴിഞ്ഞതും നേട്ടമാണ്.