തിരുവനന്തപുരം: കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴ് കോടി രൂപ ലഭിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് ബിനാലെ ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ബോസ് കൃഷ്ണമാചാരി. പ്രതിഫലം വാങ്ങാതെയാണ് താന്‍ ലോഗോ തയാറാക്കിയത്. വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചാരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ വന്‍ പ്രതിഫലം വാങ്ങിയാണ് ലോഗോ തയാറാക്കിയത് എന്ന് പ്രചരിപ്പിക്കുന്ന വാട്‌സാപ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ബോസ് കൃഷ്ണമാചാരി പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റ്
‘നമസ്‌കാരം,
കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ എനിക്ക് 7 കോടി രൂപ ലഭിച്ചു എന്നൊരു പ്രചരണം സോഷ്യല്‍ മീഡിയ വഴി നടക്കുന്നുണ്ട്. അല്‍പ്പ മുമ്പാണ് ഒരു അഭ്യുദയകാംക്ഷി ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഈ പ്രചരണം ശരിയില്ല. വാസ്തവ വിരുദ്ധമാണ്.
കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം, ലഭിച്ച ലോഗോകളില്‍ പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവം ഇതായിരിക്കെ, വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’