കേരള കോൺഗ്രസ്-ബി പ്രതിനിധി കെ.ബി ഗണേഷ്കുമാർ, കോൺഗ്രസ്- എസ് പ്രതിനിധി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മന്ത്രിസഭയിലേയ്ക്ക്. ഡിസംബർ ഒടുവിലോ ജനുവരി ആദ്യമോ ഇരുവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പകുത്തു നൽകാനുള്ള എൽഡിഎഫിലെ മുൻധാരണ പ്രകാരമാണിത്. ഡിസംബർ 24നു സമാപിക്കുന്ന ‘നവകേരള സദസ്സി’നു ശേഷം സത്യപ്രതിജ്ഞ നടത്താൻ സിപിഎം തീരുമാനിച്ചു. നാടകീയമായി ഒന്നും സംഭവിച്ചില്ലെങ്കിൽ കെ.ബി ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും. യഥാക്രമം ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) എന്നിവർക്കു പകരമാണ് ഇത്.
പിണറായി മന്ത്രിസഭ ഈ മാസം 20ന് രണ്ടരവർഷം പൂർത്തിയാക്കും. അതിനു 2 ദിവസം മുൻപു മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നിയമസഭാമണ്ഡല പര്യടനമായ ‘നവകേരള സദസ്സ്’ കാസർകോട്ട് ആരംഭിക്കും. മന്ത്രിമാരെ അതിനുമുൻപു മാറ്റുന്നത് അനുചിതമാണെന്നാണ് സിപിഎം നിലപാട്.