ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിലുള്ള മനോവിഷമത്താല്‍ യുവതി പൊലീസ് സ്റ്റേഷന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ മീറത്തില്‍ ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനാണ് സംഭവം. വിഷം കഴിച്ചതിനെ തുടര്‍ന്ന് അവശയായ യുവതിയെ ഉടന്‍ തന്നെ പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന് രക്ഷിക്കാനായി. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യക്ക് ശ്രമിച്ച യുവതിക്കെതിരെ ലോഹ്യനഗര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
നവംബര്‍ രണ്ടിന് പൊലീസ് സ്റ്റേഷനില്‍ വെച്ച് വിഷം കഴിച്ച യുവതി നിലത്തു വീണപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ പൊലീസുകാര്‍ യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്പര്യമില്ലെന്ന പരാതിയുമായി യുവതി നേരത്തെ സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രശ്നപരിഹാരത്തിനായി യുവതിയുടെയും ഭര്‍ത്താവിന്റെയും കുടുംബങ്ങള്‍ ശ്രമിച്ചിരുന്നു.
എന്നാല്‍, യുവതിക്കൊപ്പം താമസിക്കാന്‍ തയാറല്ല എന്ന് ഭര്‍ത്താവ് വ്യക്തമാക്കിയതോടെ ശ്രമം പരാജയപ്പെട്ടു. എട്ട് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍, ഇപ്പോള്‍ യുവതിയുടെ കൂടെ താമസിക്കാന്‍ ഭര്‍ത്താവിന് താല്പര്യമില്ലെന്നാണ് പറയുന്നത്. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ യുവതി മനോവിഷമത്തിലായിരുന്നു എന്നും ഇതു കൊണ്ടാകാം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതെന്നുമാണ് പൊലീസ് നിഗമനം.