KeralaNEWS

അപകടങ്ങളിൽ അവയവങ്ങൾ  നഷ്ടപ്പെട്ട് ജീവിതം ദുരിതപൂർണമായി മാറ്റിയവർക്ക് ആശ്വാസ വാർത്ത, നഷ്ടപ്പെട്ടവ പകരം വെക്കാം 

   വാഹനാപകടങ്ങളിലും കെട്ടിടങ്ങളിൽ നിന്നും മരങ്ങളിൽ നിന്നും മറ്റും വീണും ഗുരുതര പരിക്കേറ്റ് ശരീരം അനക്കാൻ പോലും കഴിയാത്തവരുമായി സമൂഹത്തിൽ ധാരാളം പേരുണ്ട്. മുൻകാലങ്ങളിലെ പോലെ അവർക്ക്‌ വിധിയെ പഴിച്ച് കഴിയേണ്ടതില്ല. നഷ്ടപ്പെട്ട അവയവങ്ങൾക്ക്‌ പകരം നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കോഴിക്കോട് മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റീഹാബിലിറ്റേഷൻ സെന്റർ തയ്യാർ. ദക്ഷിണേന്ത്യയിലെ ഏക സ്പോർട്സ് മെഡിസിൻ കേന്ദ്രം കൂടിയാണിത്‌.

ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിന് കിഴക്കുവശത്തായി ഒ.പി വിഭാഗവും പി.എം.എസ്.എസ് ബ്ലോക്കിന്‌ സമീപത്തായി കിടത്തി ചികിത്സാ സൗകര്യവുമുള്ള കെട്ടിടവും ചേർന്നതാണ്‌ ആശുപത്രി. എല്ല് തേയ്‌മാനം, പേശി–മസിൽ വേദന, അമിതവണ്ണത്താൽ പ്രയാസം അനുഭവിക്കുന്നവർ, അപകടത്തിൽപെട്ട് ശരീരം തളർന്നവർ, സെറിബ്രൽ പാൾസിയുള്ള കുട്ടികൾ, കായിക താരങ്ങൾ എന്നിങ്ങനെ കഴിഞ്ഞ വർഷം 33,548പേർ ഒ.പിയിലെത്തി. ഇതിൽ 469പേരെ കിടത്തി ചികിത്സിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി 30 വീതം കട്ടിലുകളുള്ള രണ്ട് വാർഡുകൾ ഉണ്ട്. ചലനം മന്ദീഭവിച്ച കൈകാലുകളെ പൂർവസ്ഥിതിയിലെത്തിക്കാൻ ഫിസിയോ തെറാപ്പിയും ഈ ചികിത്സ രോഗിയെ പരിശീലിപ്പിക്കുന്ന ഒക്കുപ്പേഷൻ തെറാപ്പിയും ഇവിടെയുണ്ട്.

കൃത്രിമ കൈകാലുകൾ നിർമിക്കാനും സംവിധാനമുണ്ട്. ഈ വർഷം 250 കൈകാലുകളും 1500 അരയ്‌ക്കിടുന്ന ബെൽട്ട്, ചെരുപ്പ് തുടങ്ങിയ ഓർത്തോ സംബന്ധമായവയും ലഭ്യമാക്കി .

ഫാക്റ്റ് വെയ്റ്റ് അനലൈസർ ഉപയോഗിച്ച് ജീവിത ശൈലീരോഗം നിർണയിച്ച്‌ ശാരീരിക ക്ഷമത വർധിപ്പിക്കാനുള്ള പ്രത്യേക ക്ലിനിക്കുമുണ്ട്‌. മസിൽ പിടുത്തം നിയന്ത്രിക്കുന്ന പതിനായിരം രൂപ വില വരുന്ന പോട്ടോസ് കുത്തിവയ്‌പ്‌ സൗജന്യമാണ്. ഞരമ്പിലുണ്ടാകുന്ന തടസ്സം രക്തംകൊണ്ട് തന്നെ നീക്കുന്ന ചികിത്സയും ശസ്ത്രക്രിയയും നടത്തുന്നു. രണ്ടുകോടി ചെലവുവരുന്ന നെർവ് കണ്ടക്‌ഷൻ സ്റ്റഡി, അൾട്രാസൗണ്ട് മെഷീൻ തുടങ്ങിയ യന്ത്രങ്ങളും സജ്ജമാണ്‌. ചലനപരിമിതിയുള്ളവർക്ക്‌ സർട്ടിഫിക്കറ്റ് നൽകൽ, അപകട ഇൻഷുറൻസ് തുടങ്ങിയവക്കുള്ള മെഡിക്കൽ ബോർഡും പ്രവർത്തിക്കുന്നു.

Back to top button
error: