അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ല ,കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും പരിഗണനയിൽ
കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരുമില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന ധാരാളം സൂചനകൾക്കും പ്രവചനങ്ങൾക്കും കാരണമായിരിക്കുകയാണ് .ആരാകും അടുത്ത കോൺഗ്രസ് അധ്യക്ഷൻ എന്ന നിലക്ക് പാർട്ടിയിൽ തന്നെ വലിയ ചർച്ചകൾ ഉയരുകയാണ് .രാഹുലും പ്രിയങ്കയും ആ സ്ഥാനത്തേക്കില്ല എന്ന സൂചന നൽകിയ പ്രിയങ്ക ഒരു കാര്യം കൂടി പറഞ്ഞു വച്ചു .ആര് അധ്യക്ഷ സ്ഥാനത്തേക്ക് വന്നാലും തൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി അംഗീകരിക്കും എന്ന് .
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയം രുചിച്ചതോടെ ആണ് പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി പടിയിറങ്ങിയത് .വിടവാങ്ങൽ പ്രസംഗത്തിൽ രാഹുൽ ഒരു കാര്യം കൂടി പറഞ്ഞു വച്ചു ,ഗാന്ധി കുടുംബത്തിൽ നിന്ന് ആരും തന്റെ പിൻഗാമി ആകരുത് എന്ന് .എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതി ഇക്കാര്യം തള്ളിക്കളയുകയും സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷയായി നിയമിത ആവുകയും ചെയ്തു .
ഇനി ഈ സ്ഥാനത്തേക്ക് സാധ്യത ഉള്ളവരുടെ പട്ടിക നോക്കാം .അതിൽ പ്രഥമ ഗണനീയൻ ആണ് തിരുവനന്തപുരം എംപി ശശി തരൂർ .രാഹുൽ കഴിഞ്ഞാൽ ഇപ്പോൾ ശക്തനായ ബിജെപി -ആർഎസ്എസ് വിമർശകനും മോഡി വിമർശകനും തരൂർ ആണെന്ന കാര്യത്തിൽ തർക്കമില്ല .ഇത് തന്നെയാണ് തരൂരിന്റെ പേര് പട്ടികയിൽ ഒന്നാമതായി എത്താൻ ഒന്നാമത്തെ കാരണം .അറിവും പാണ്ഡിത്യവും പ്രസംഗ വൈഭവവും തരൂരിനെ ശ്രദ്ധേയനായ നേതാവാക്കുന്നു .നിലവിൽ വലിയ ചുമതലകൾ ഇല്ലാത്തതിനാൽ തരൂരിനെ അധ്യക്ഷനാക്കിയാലും മറ്റേതെങ്കിലും മേഖലയിൽ വിടവുണ്ടാകാനും സാധ്യത ഇല്ല .എന്നാൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തർ എന്നറിയപ്പെടുന്ന പട്ടികയിൽ തരൂർ ഇല്ല എന്നതാണ് ന്യൂനത .
രണ്ടാമത്തെ പരിഗണിക്കപ്പെടുന്ന ആൾ മറ്റാരുമല്ല രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ് .എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗെഹ്‌ലോട്ടിനെ രാജസ്ഥാനിൽ നിന്ന് മാറ്റിയാൽ ചിലപ്പോൾ കോൺഗ്രസ്സ് സർക്കാർ തന്നെ താഴെ പോയേക്കാം .
സാധ്യതാ പട്ടികയിൽ മൂന്നാമത്തെ ആൾ മല്ലികാർജുൻ ഖാർഗെ ആണ് .മികച്ച സംഘാടകൻ ആണ് അദ്ദേഹം .ചുറുചുറുക്കുള്ള നേതാവുമാണ് .എന്നാൽ പാർട്ടി തകർന്നടിഞ്ഞ ഹിന്ദി ഹൃദയഭൂവിൽ ഖാർഗെക്ക് വലുതായൊന്നും ചെയ്യാനില്ല .
ഗുലാം നബി ആസാദാണ് മറ്റൊരു പേര് .മികച്ച നേതാവ് ,ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ.എന്നാൽ ഒരു മുസ്ലിം അധ്യക്ഷനെ തല്ക്കാലം പാർട്ടി നിയമിക്കില്ല .
ഇനി യുവനേതാക്കളിൽ ആരെയെങ്കിലും തെരഞ്ഞെടുക്കാമെന്നു വച്ചാൽ ആദ്യത്തെ പേര് സച്ചിൻ പൈലറ്റിന്റേതാണ് .പാർട്ടിയുമായി ഇടഞ്ഞ് രാജസ്ഥാൻ സർക്കാരിനെ താഴെ വീഴ്ത്താൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണം അദ്ദേഹത്തിന്റെ പേരിലുണ്ട് എന്നതാണ് പ്രശ്‌നം .മാത്രമല്ല ഏതെങ്കിലും യുവനേതാവിനെ പാർട്ടിയിലെ മുതിർന്നവരിൽ ഒരു വിഭാഗം അംഗീകരിക്കില്ല താനും .