തിരുവനന്തപുരം:ദുർബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന വൈദ്യുതി സബ്സിഡി ഒഴിവാക്കുന്നു എന്ന മാധ്യമ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. സബ്സിഡി റദ്ദാക്കാനുള്ള ഒരു ഉത്തരവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍, 77 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. 30 യൂണിറ്റ് വരെ ശരാശരി പ്രതിമാസ ഉപഭോഗവും 500 വാട്ട് വരെ കണക്റ്റഡ് ലോഡും ഉള്ള LT ഗാർഹിക ഉപഭോക്താക്കൾക്ക് മുഴുവന്‍ വൈദ്യുതി ചാര്‍ജും സര്‍ക്കാര്‍ സബ്സിഡിയായി നല്കുന്നു.
120 യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ള LT ഗാർഹിക ഉപഭോക്താക്കൾക്കും, ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന LT ഗാർഹിക ഉപഭോക്താക്കൾക്കും, പ്രതിമാസ ഉപഭോഗം 50 യൂണിറ്റ് വരെയുള്ള 1000 വാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള LT ഗാർഹിക BPL ഉപഭോക്താക്കൾക്കും, LT കാര്‍ഷിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി ചാര്‍ജില്‍ സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നുണ്ട്.
അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ഈ സബ്സിഡി തുടര്‍ന്നും ലഭ്യമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.