മാത്യു ദേവസിയും ഭാര്യയും ഈ മാസം 23 ന് വരും, മമ്മൂട്ടി- ജ്യോതിക ചിത്രം ‘കാതൽ’ തിയേറ്ററുകളിലേയ്ക്ക്
മമ്മൂട്ടി- ജ്യോതിക ടീമിന്റെ ‘കാതൽ’ റിലീസ് തിയതി പ്രഖ്യാപിച്ചു. ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം നവംബർ 23ന് തിയറ്ററുകളിൽ എത്തും. ‘കാതൽ’ 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദർശിപ്പിക്കും.
ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര വേഷത്തിലെത്തുന്ന ചിത്രം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന 4-ാമത് സിനിമയാണ്. ദുൽഖറിന്റെ വേഫേറെർ ഫിലിംസാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണം. തെന്നിന്ത്യൻ താരം ജ്യോതിക 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ കൂടിയാണ് കാതൽ. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.
മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹം നിർവഹിക്കുന്നത് സാലു കെ തോമസാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ
ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക പ്രത്യക്ഷപ്പെടുന്നത്.
കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ അഭിപ്രായപ്പെട്ടിരുന്നു.
‘കണ്ണൂർ സ്ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘കാതൽ’ വ്യത്യസ്തമായൊരു കാഴ്ചാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്നു തീർച്ച. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങിയ റോഷാക്കും നൻപകൻ നേരത്തെ മയക്കവും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. 100 കോടി ബിസിനസ്സുമായി 2023ലെ മികച്ച ചിത്രങ്ങളിൽ ഇടം നേടിയ ‘കണ്ണൂർ സ്ക്വാഡ്’ ആറാം വാരത്തിലും തിയറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമ ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് അടുത്തിടെയാണ്.