മുംബൈ: വില കുതിച്ചു കയറിയതോടെ ഉള്ളിയുടെ വിൽപ്പന ഉപേക്ഷിച്ച് കച്ചവടക്കാർ.രാജ്യത്ത് ഉള്ളി വില ദിവസത്തിന് ദിവസം കുതിക്കുകയാണ്. മിക്ക നഗരങ്ങളിലും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഉള്ളിയുടെ ചില്ലറ വില്പനവില ഇരട്ടിയോളമാണ് കുതിച്ചുയർന്നത്.
ഇന്ത്യയിലെ ഉത്സവസീസണിൽ ഇനിയും വില ഉയരാനാണ് സാധ്യതയെന്ന് ആശങ്കയുണ്ട്.അതേസമയം ഉള്ളിയുടെ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അടുത്ത ഡിസംബർ 31 വരെ രാജ്യത്തു നിന്നുള്ള പച്ചക്കറി കയറ്റുമതിക്ക് തറവില നിശ്ചയിച്ചു.
കയറ്റുമതി നിയന്ത്രണങ്ങൾ നടപ്പാവുന്നതോടെ വിലക്കയറ്റം പിടിച്ചു നിർത്താമെന്ന കണക്കു കൂട്ടലിലാണിത്. കൂടാതെ സർക്കാർ ശേഖരണത്തിലുള്ള ഉള്ളി വിവിധ സംസ്ഥാനങ്ങളിലെ മൊത്തവിപണിയിലേക്ക് വിതരണത്തിനായി എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഉള്ളിവില ഇരട്ടിയോളമാണ് വർധിച്ചത്. രാജ്യത്തെ പല വിഭവങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉള്ളി. ഉത്സവ സീസണിൽ ഉത്തരേന്ത്യൻ വിഭവങ്ങളിൽ ഉള്ളിക്ക് പ്രധാന സ്ഥാനമാണുള്ളത്. നിലവിലെ വിലവർധന കുടുംബ ബജറ്റുകൾ താളം തെറ്റിക്കാൻ പോന്നതാണ്. സപ്ലൈയിലുണ്ടായ കുറവാണ് പെട്ടെന്ന് വില വർധിക്കാൻ കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.