ന്യൂഡല്‍ഹി: പല ഭാഗങ്ങളിലും അന്തരീക്ഷമലിനീകരണത്തിന്റെ തോത് ഗുരുതരനിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. കൂടാതെ നഗരത്തിലേക്ക് ട്രക്കുകളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ സമിതിയുടേതാണ് തീരുമാനം.
ഗ്രേഡഡ് ആക്ഷന്‍ റെസ്പോണ്‍സ് പ്ലാനിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കൂടുതല്‍ നടപടികള്‍ ഉടനെ പ്രബല്യത്തില്‍ വരും. ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും ഉണ്ടാകുന്ന വാര്‍ഷിക മലിനീകരണത്തിന് തടയിടുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഗ്രേഡഡ് ആക്ഷന്‍ റെസ്പോണ്‍സ് പ്ലാന്‍.
വ്യാഴാഴ്ച നടന്ന കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ ഉപസമിതിയുടെ യോഗത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങളും ട്രക്കുകളുടെ വരവും നിയന്ത്രിച്ചുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് ഡല്‍ഹിയുടെ വായു ഗുണനിലവാരത്തിന്റെ ശരാശരി (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്-എക്യുഐ) 402 ആയതായും വരും ദിവസങ്ങളില്‍ ഇത് വര്‍ധിക്കുമെന്നും ഉപസമിതി വിലയിരുത്തി. എക്യുഐ 400 ന് മുകളിലേക്ക് ഉയരുന്നത് ഗുരുതരമായാണ് കണക്കാക്കുന്നത്.
ദേശീയ സുരക്ഷ, റെയില്‍വേ, മെട്രോ, ശുചീകരണപ്രവൃത്തികള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങളൊഴികെയുള്ള എല്ലാ പ്രവൃത്തികള്‍ക്കും നിരോധനമുണ്ട്. റോഡുകള്‍ അടിച്ചുവാരുക, തിരക്കേറിയ സമയങ്ങളില്‍ പൊടി കുറയ്ക്കാന്‍ സഹായിക്കുന്ന വസ്തുക്കള്‍ കലര്‍ത്തിയ വെള്ളം തളിക്കുക തുടങ്ങിയവ നടപ്പിലാക്കും. ജനങ്ങള്‍ പരമാവധി പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.