ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ഐ.ടി വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍. നാലാംവര്‍ഷ ബിടെക് വിദ്യാര്‍ഥിയായ പനവ് ജയിന്‍ (23) ആണ് മരിച്ചത്. ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലെ വീട്ടിലായിരുന്നു കുടുംബത്തോടൊപ്പം പനവ് താമസിച്ചിരുന്നത്. വ്യായാമംചെയ്യുന്ന കമ്പിയില്‍ തൂങ്ങിയനിലയില്‍ രക്ഷിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മകന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ചികിത്സിച്ചിരുന്നതായും വിദ്യാര്‍ഥിയുടെ പിതാവ് പോലീസിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
ഡല്‍ഹി ഐ.ഐ.ടി.യില്‍ ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണിത്. സെപ്റ്റംബറില്‍ 21കാരനായ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചിരുന്നു. മാനസിക സമ്മര്‍ദമാണ് ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു അന്ന് കണ്ടെത്തിയത്.
ജൂലൈയില്‍ 20-കാരനായ വിദ്യാര്‍ഥിയെയും സമാനരീതിരിയില്‍ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയിരുന്നു. ക്യാമ്പസിനുള്ളിലെ ജാതിവിവേചനം ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇതിനെതിരെ ഏറെനാളായി കോളേജില്‍ പ്രതിഷേധം ശക്തമാണ്.
അതേസമയം, സഹായങ്ങള്‍ക്കായി കോളേജിലെ കൗണ്‍സലിങ് കേന്ദ്രവുമായി വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെടാമെന്നാണ് ഡല്‍ഹി ഐ.ഐ.ടി. അധികൃതര്‍ അറിയിക്കുന്നത്.