NEWSWorld

ഗാസയിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ; ഏക അര്‍ബുദ ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തി

ഗാസ/ടെല്‍ അവീവ്: ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ധനം ലഭ്യമല്ലാത്തതിനാല്‍ ഗാസയിലെ ഏക അര്‍ബുദ ആശുപത്രിയായ തുര്‍ക്കിഷ് ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തി. ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 195 ആയി.

ഗാസയില്‍ ഭക്ഷ്യ ക്ഷാമവും രൂക്ഷമായി തുടരുകയാണ്. റൊട്ടി നിര്‍മാണ യൂണിറ്റുകളെല്ലാം ഇസ്രായേല്‍ ആക്രമിച്ചു. ഒമ്പത് റൊട്ടി നിര്‍മാണ യൂണിറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി ഇതിന് മുന്നില്‍ ആളുകളുടെ നീണ്ട നിരയാണുള്ളത്.

Signature-ad

അതേസമയം, ഗാസയില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വന്തം അംബാസഡറെ തിരിച്ചുവിളിച്ച് ചിലി. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രയേല്‍ – ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരമെന്നും ചിലി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അയല്‍ രാജ്യമായ ബൊളീവിയ ഇസ്രയേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് ചിലിയുടെ നടപടി.

ഗാസയിലെ ആക്രമണത്തില്‍ ശക്തമായ നിലപാടാണ് ദക്ഷിണ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ സ്വീകരിച്ചു വരുന്നത്. ബൊളീവിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചപ്പോള്‍ ചിലിയും കൊളംബിയയും തങ്ങളുടെ അംബാഡര്‍മാരെ തിരിച്ചുവിളിച്ചു. അടിയന്തരമായി വെടിനിര്‍ത്തണമെന്നാണ് ബ്രസീലും മെക്സിക്കോയും ആവശ്യപ്പെട്ടിട്ടുള്ളത്.

അതിനിടെ, യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി റഫ ക്രോസിങ് തുറന്നു. ചികിത്സാവശ്യാര്‍ത്ഥമാണ് അതിര്‍ത്തി തുറന്നത്. ഏതാനും വിദേശികളും അതിര്‍ത്തിയിലൂടെ പുറത്തുവന്നു.

 

 

 

Back to top button
error: