തിരുവനന്തപുരം:ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നതായി റിപ്പോർട്ട്. പനി വന്നാൽ സ്വയംചികിത്സ നടത്തി വഷളാകുമ്പോൾ ആസ്പത്രികളിൽ എത്തുന്ന കേസുകൾ കൂടുകയാണ്.
സാധാരണ വൈറൽ പനി പോലെയല്ല എലിപ്പനി. രോഗികളിൽ അത് മാരകമായിത്തീരാം. പ്രത്യേകിച്ചും മറ്റു അസുഖങ്ങൾ ഉള്ളവരിലും പ്രായമായവരിലും. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണിത്. രോഗനിർണയത്തിലും ചികിത്സയിലും കാലതാമസം വരുമ്പോഴാണ് എലിപ്പനി സങ്കീർണമാകുന്നത്.
എലിപ്പനി സങ്കീർണമായാൽ പല ആന്തരിക അവയവങ്ങളെയും ബാധിക്കും, പ്രവർത്തനം നിലയ്ക്കും. മൾട്ടി ഓർഗൻ സിസ്റ്റം ഫെയിലിയർ എന്നാണിത് അറിയപ്പെടുന്നതു തന്നെ.എലികളുടെ മൂത്രം കലർന്ന ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് രോഗം പകരാം.
ശരീരത്തിലെ മുറിവുകളിലൂടെയാണ് പ്രധാനമായും രോഗാണുക്കൾ പ്രവേശിക്കുക. വായ, കണ്ണ്, മൂക്ക് എന്നിവിടങ്ങളിലെ കനം കുറഞ്ഞ ശ്ലേഷ്മസ്തരം വഴിയും രോഗം പകരാം.സാധാരണ വൈറൽ പനിയുമായി ഏറെ സാമ്യമുണ്ടെങ്കിലും തുമ്മലും മൂക്കൊലിപ്പുമൊന്നും എലിപ്പനിയിൽ ഉണ്ടാകില്ല.
പനിയോടൊപ്പം അതിശക്തമായ പേശിവേദന, തലവേദന, കണ്ണിൽ ചുവപ്പ്, ശരീരത്തിൽ പാടുകൾ, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് പൊതുവിൽ കാണപ്പെടുന്നത്.
എലിയെ തുരത്തുക.മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയവയാണ് മുൻകരുതലുകൾ. തൊഴിലാളികൾ പ്രത്യേകം ശ്രദ്ധിക്കുക. ഡോക്സിസൈക്ലിൻ പ്രതിരോധമരുന്നായി ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിക്കാം.