KeralaNEWS

ചൈനയെ തോല്‍പ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ പ്രൊഫ. അമര്‍ത്യ സെന്‍

തിരുവനന്തപുരം: വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ ചൈനയുമായി താരതമ്യപ്പെടുത്താനും ഒരു പക്ഷെ തോൽപ്പിക്കാനും കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ പ്രൊഫ. അമർത്യ സെൻ. കേരളീയം ഉദ്ഘാടന വേദിയിൽ വീഡിയോ വഴി ആശംസ നേർന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതൽ വാർത്തകൾ കേരളത്തിൽനിന്ന് ഉയർന്നു കേൾക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Signature-ad

അതേസമയം, കേരളീയത്തിന് സംഗീതാർച്ചന നേരാൻ മക്കളും കൊച്ചുമക്കളുമൊത്ത് കേരളത്തിൽ വരാൻ ആഗ്രഹിക്കുന്നതായി സരോജ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാൻ പറഞ്ഞു. ‘കേരളത്തിൽ ആയിരിക്കുമ്പോൾ സ്വന്തം വീട് പോലെ തോന്നുന്ന അനുഭവമാണ്. ശാന്തി, സമാധാനം, സാഹോദര്യം എന്നിവയിൽ ഏറ്റവും മികവ് പുലർത്തുന്ന കേരളത്തിന്റെ കരുത്ത് മികച്ച വിദ്യാഭ്യാസമാണ്’-ഉസ്താദ് പറഞ്ഞു. തിരുവനന്തപുരത്ത് സംഗീത പരിശീലന സ്ഥാപനം തുടങ്ങാൻ ക്ഷണിച്ച സംസ്ഥാന സർക്കാരിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

സാംസ്‌കാരിക വൈവിധ്യങ്ങളിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഒരു ജനതയുടെ ഏഴ് ദിനങ്ങൾ നീളുന്ന ആഘോഷമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്ന് കർണാടക സംഗീതജ്ഞൻ ടിഎം കൃഷ്ണ ആശംസ അർപ്പിച്ചു. മലയാളികളുടെ ജനാധിപത്യ ബോധം, ഇടകലർന്ന ജീവിതരീതി എന്നിവയെ കൃഷ്ണ പ്രശംസിച്ചു.

Back to top button
error: