KeralaNEWS

ശബരിമല തീർത്ഥാടനം; എറണാകുളം – കോട്ടയം റൂട്ടിൽ മെമു സർവീസ് ആരംഭിക്കണം 

കോട്ടയം: മണ്ഡലകാലത്തെ തിരക്ക് കണക്കിലെടുത്ത് എറണാകുളം – കോട്ടയം റൂട്ടിൽ മെമു സർവീസ് ആരംഭിക്കണമെന്ന് ആവശ്യം.
എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ദീർഘദൂര ട്രെയിനു‌കളിലെത്തുന്ന ശബരിമല തീർത്ഥാടകർ  വേണാട്, മെമു, പാലരുവി ട്രെയിനുകളിലാണ് കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളിലേയ്ക്ക് യാത്ര തിരിക്കുന്നത്. എന്നാൽ  ഈ ട്രെയിനുകളിലെല്ലാം വലിയ തോതിലുള്ള തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.അതുപോലെ  നവീകരണത്തിന്റെ ഭാഗമായി എറണാകുളം ടൗൺ, ജംഗ്ഷൻ സ്റ്റേഷനുകളിലെ വെയ്റ്റിംഗ് ഹാൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചിട്ടിരിക്കുകയുമാണ്.അതിനാൽത്തന്നെ വിരിവെയ്ക്കാനും മറ്റുമുള്ള സൗകര്യങ്ങൾ ഇവിടെ  നിലവിൽ പരിമിതമാണ്.
എന്നാൽ അയ്യപ്പന്മാർക്ക് മികച്ച സൗകര്യങ്ങളാണ് ഈ വർഷം കോട്ടയം സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.ഈ സാഹചര്യത്തിൽ എറണാകുളം – കോട്ടയം ശബരി സ്പെഷ്യൽ മെമു സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം. എറണാകുളത്തിറങ്ങുന്ന അയ്യപ്പന്മാർക്ക് കോട്ടയത്ത്  എത്തിച്ചേരാനുള്ള യാത്രാസൗകര്യം ഒരുക്കിയാൽ മണ്ഡലകാലത്തെ അനിയന്ത്രിതമായ തിരക്കിന് ഒരളവിൽ പരിഹാരം കാണാൻ സാധിക്കും.
അയ്യപ്പഭക്തൻമാർക്ക് മാത്രമായി കോട്ടയം സ്റ്റേഷനിൽ മൂന്ന് നിലയുള്ള പിൽഗ്രിം സെന്റർ പൂർത്തീകരിച്ചിട്ടുണ്ട്. രണ്ടാം കവാടത്തിൽ നിന്ന് പമ്പ സ്പെഷ്യൽ കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. അതുകൂടാതെ കോട്ടയം സ്റ്റേഷനിൽ നിന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള മെമു സർവീസുകൾക്കായി പൂർത്തീകരിച്ച 1 A പ്ലാറ്റ് ഫോം ശബരി സ്പെഷ്യൽ മെമു സർവീസുകൾക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ശബരി സ്പെഷ്യൽ  മെമു സർവീസ് പരിഗണിച്ചാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമല സന്ദർശിക്കാൻ എത്തുന്നവർക്ക് വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങൾ സന്ദർശിക്കാനും അവസരം ഒരുങ്ങുന്നതാണ്. ഒറ്റ റേക്ക്  മാത്രം ഉപയോഗിച്ച് വളരെ തിരക്കുള്ള സമയം മാത്രം ഷെഡ്യൂൾ ചെയ്യുന്നതിലൂടെ റെയിൽവേയ്ക്കും ഈ സർവീസ് മികച്ച ആദായമാകും.
അർദ്ധരാത്രിയോടുകൂടി എറണാകുളത്ത് നിന്ന് പുറപ്പെടുന്ന മെമു പുലർച്ചെ 07.30 ന് ശേഷം കോട്ടയത്ത് നിന്ന് തിരികെ പുറപ്പെടുന്ന വിധം ക്രമീകരിച്ചാൽ അത് രാവിലെ എറണാകുളം ഭാഗത്തേക്കുള്ള നൂറുകണക്കിന് യാത്രക്കാർക്കും പ്രയോജനപ്പെടും. കോയമ്പത്തൂർ, സേലം ഭാഗത്തേയ്ക്ക് ബാംഗ്ലൂർ ഇന്റർസിറ്റി കണക്ഷൻ ലഭിക്കുന്ന വിധം ക്രമീകരിച്ചാൽ കൂടുതൽ ആളുകൾക്കും സർവീസ് പ്രയോജനപ്പെടുന്നതാണ്.
 ഉച്ചയ്ക്ക് 11.45 ന് പഴയ കായംകുളം പാസഞ്ചറിന്റെ സമയത്ത് കോട്ടയത്തേയ്ക്കും വൈകുന്നേരം 06.00 ന് കോട്ടയത്ത് നിന്ന് എറണാകുളം ജംഗ്ഷനിലേയ്‌ക്ക് സർവീസ് നടത്തുകയും രാത്രി 12.00 ന് തിരികെ  പുറപ്പെട്ട് കോട്ടയത്ത്  ഹാൾട്ട് ചെയ്യുന്ന രീതിയിലും മെമു സർവീസ് ക്രമീകരിക്കണമെന്നാണ് ആവശ്യം.
വൻ തിരക്കാണ് കോട്ടയം പാതയിൽ ഇപ്പോൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശബരിമല തീർത്ഥാടകരെ ഉൾക്കൊള്ളാനുള്ള സൗകര്യം നിലവിൽ ഇതുവഴി സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഇല്ല. ഫെസ്റ്റിവൽ സ്പെഷ്യലിന് റെയിൽവേ നിശ്ചയിച്ചിരിക്കുന്ന സൂപ്പർ ഫാസ്റ്റ്/സ്പെഷ്യൽ ഫെയർ നിരക്കിൽ സർവീസ് നടത്തിയാൽ ഈ സർവീസ് ഇരട്ടിയിലേറെ ലാഭകരമാകുമെന്നതാണ് വാസ്തവം.

Back to top button
error: