കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ രണ്ടാമത്തെ എവേ മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കൊച്ചിയില്‍ ഒഡീഷ എഫ്സിയെ 2-1ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.
സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ഗോള്‍ വേട്ട ആരംഭിച്ചതും ലൂണയുടെ തകര്‍പ്പൻ ഫോമും കോച്ച് ഇവാൻ വുകമനോവിച്ച് തിരിച്ചെത്തിയതും കേരള ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം പകരുന്ന ഘടകങ്ങളാണ്. 5 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. മൂന്ന് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് കൊമ്ബന്മാരുടെ ഇതുവരെയുള്ള സമ്ബാദ്യം.
എവേ മത്സരത്തില്‍ മുംബൈക്കെതിരെയാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏക പരാജയം. എവേ മത്സരങ്ങളില്‍ ചുവടുപിഴയ്ക്കുന്ന പ്രവണത മറികടക്കാനായിരിക്കും ഇവാൻ വുകമനോവിച്ചിന്റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ ശ്രമിക്കുക.
നാല് ഐഎസ്‌എല്‍ മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ ടേബിളില്‍ ഒൻപതാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ജാംഷെഡ്പൂരിനോട് ഗോള്‍ രഹിത സമനില വഴങ്ങിയ ഈസ്റ്റ് ബംഗാള്‍ രണ്ടാം മത്സരത്തില്‍ ഹൈദരാബാദിനെ 2-1ന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷം നടന്ന രണ്ട് മത്സരങ്ങളിലും കൊല്‍ക്കത്ത ടീമിന് തോല്‍വി നേരിടേണ്ടി വന്നു. ബംഗളൂരു എഫ്സിയോടും എഫ്സി ഗോവയോടുമാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടത്.
കഴിഞ്ഞ സീസണില്‍ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 3-1ന് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, എവേ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ഈസ്റ്റ് ബംഗാൾ 1-0ത്തിന് കീഴടക്കിയിരുന്നു.