കൊച്ചി: കളമശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കി ‘യഹോവയുടെ സാക്ഷികള്‍’ സഭാവിഭാഗത്തിന്റെ കണ്വന്ഷന് വേദിയിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്രതി ഡൊമിനിക് മാര്ട്ടിന് നിര്‍മിച്ചത് വീടിന്റെ ടെറസില്‍. ഇന്റര്‍നെറ്റ് നോക്കിയാണ് ബോംബ് നിര്‍മിക്കാന്‍ പഠിച്ചതെന്നും ഇയാള്‍ പൊലീസിനു മൊഴി നല്കി. ഡൊമിനികിന്റെ യുട്യൂബ് ലോഗിന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോര്‍മാനായ ഡൊമിനിക് മാര്ട്ടിന് സാങ്കേതിക അറിവുണ്ട്.
ഇന്നലെയാണ് ആലുവയ്ക്കടുത്തുള്ള തറവാട്ടു വീട്ടില്‍ ഡൊമിനിക് മാര്ട്ടിന് എത്തിയത്. ബോംബുണ്ടാക്കിയ ശേഷം നേരെ കളമശേരിയിലെ കണ്വന്ഷന് സെന്ററിലേക്കു പോയി. രാവിലെ ഏഴു മണിയോടെ കസേരയുടെ അടിയില്‍ ബോംബു വച്ചു. ആ സമയം ഹാളില്‍ ഉണ്ടായിരുന്നത് മൂന്നു പേര് മാത്രമായിരുന്നെന്നും പ്രതി പൊലീസിനോടു പറഞ്ഞു.
ബോംബ് വച്ചത് ടിഫിന്‍ ബോക്സിലല്ലെന്നും ആറു പ്ലാസ്റ്റിക് കവറുകളിലായി ആറിടത്താണ് സ്ഥാപിച്ചെന്നും ഡൊമിനിക് മാര്ട്ടിന് പൊലീസിന് മൊഴി നല്കി. പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്‍ത്തുവച്ച ഗുണ്ടാണ് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലീറ്റര്‍ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. സ്ഫോടനത്തിനായി പൊട്ടിച്ചത് 50 ഗുണ്ടുകളാണ്. ഇവ വാങ്ങിയത് തൃപ്പുണിത്തുറയിലെ പടക്കക്കടയില്‍നിന്നാണെന്നും പ്രതി മൊഴി നല്കി.
കടവന്ത്ര സ്വദേശിയെന്നാണു മാര്ട്ടിന് സ്വയം പൊലീസിനു പരിചയപ്പെടുത്തിയത്. എന്നാല്‍ 6 വര്‍ഷമായി കുടുംബത്തിനൊപ്പം തമ്മനത്തു വാടകയ്ക്കു താമസിക്കുകയാണെന്നു പിന്നീടു വ്യക്തമാക്കി. തമ്മനത്തെ വാടകവീട് കേന്ദ്ര ഏജന്‍സികളും കേരള പൊലീസും അരിച്ചുപെറുക്കിയപ്പോഴാണ് ഒരു വര്‍ഷം മുന്‍പു വരെ വിദേശത്തു ജോലിചെയ്തിരുന്ന വിവരം ലഭിച്ചത്.
പുലര്‍ച്ചെ 5ന് വീട്ടില്‍നിന്ന് ഇറങ്ങിയ ഡൊമിനിക് സ്ഫോടക വസ്തുക്കള്‍ സഹിതം കളമശേരിയിലെ കണ്വന്ഷന് സെന്ററിലെത്തി. 8 മണിക്കു ശേഷം 2 തവണ ഹാളില്‍ കയറിയിറങ്ങി. അതുവരെയുള്ള തന്റെ മുഴുവന്‍ നീക്കങ്ങളും ഡൊമിനിക് സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പു യഹോവയുടെ സാക്ഷികളുടെ വിശ്വാസിയായിരുന്ന ഡൊമിനിക് സഭയുടെ ബൈബിള്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. പിന്നീടു വിദേശത്തേക്കു പോയ മാര്ട്ടിന് സഭയില്‍ നിന്നകന്നു. യഹോവയുടെ സാക്ഷികളുടെ ആശയത്തോടുള്ള എതിര്‍പ്പാണ് കൃത്യം ചെയ്യാന്‍ കാരണമെന്നു മാര്ട്ടിന് വിഡിയോയില്‍ പറഞ്ഞു.