കളമശ്ശേരി സ്ഫോടനത്തിൽ ആദ്യം മരിച്ചത് പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ് (60) ആണെന്ന് തിരിച്ചറിഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തിൽ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെ ആൾ. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12) യാണ് മരിച്ച അടുത്തയാൾ.
സ്ഫോടനത്തിലും തീപിടിത്തത്തിലും പരിക്കേറ്റവരിൽ 30 പേർ ചികിത്സയിലുണ്ട്. 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ആറു പേരുടെ നില ഗുരുതരം.
ലയോണ പൗലോസിനെ രാത്രി ഒരുമണിയോടെയാണ് തിരിച്ചറിഞ്ഞത്. സ്ഫോടനത്തില്‍ ആദ്യം മരിച്ച സ്ത്രീയാണ് ലയോണ. കുമാരിയെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ രാവിലെ മരിച്ച സ്ത്രീയെ തിരിച്ചറിയാതിരുന്നത് ഒട്ടേറെ ദുരൂഹതകൾക്ക് വഴിവച്ചു.
ലയോണയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് രാത്രി ഏറെ വൈകി മൃതദേഹം തിരിച്ചറിഞ്ഞത്. ലയോണ ഒറ്റക്കാണ് കണ്‍വെന്‍ഷനെത്തിയത്. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ നാളെ എത്തിയശേഷം മൃതദേഹം തിരിച്ചറിയണം. ഇതിനുശേഷം മാത്രമെ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയുള്ളു. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്.
കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർഥനയ്ക്കിടെയാണ് സ്ഫോടനം നടന്നത്. സെക്കന്റുകളുടെ വ്യത്യാസത്തിൽ ഉണ്ടായ മൂന്ന് സ്ഫോടനങ്ങൾ നടന്നത്.
ആദ്യം സംഘടിത ഭീകരാക്രമണമെന്ന പ്രചരണം ഉയർന്നെസങ്കിലും പിന്നീട് യഹോവ സാക്ഷി വിശ്വാസിയായ ചെലവന്നൂർ സ്വദേശി മാർട്ടിൻ ഡൊമിനിക് (57) ആണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാർട്ടിൻ ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഉത്തരവാദിത്വമേറ്റുകൊണ്ടുള്ള വീഡിയോയും സമൂഹകമാധ്യമത്തിൽ പങ്കുവെച്ചു. സ്ഫോടനം നടത്താനുപയോഗിച്ച റിമോർട്ട് കൺട്രോൾ ഉൾപ്പെടെ വീട്ടിൽനിന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചോദ്യംചെയ്തു വരികയാണ്. യു.എ.പി.എ ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.
മൂന്ന് സ്ഫോടനങ്ങൾ
രാവിലെ 9.40-ഓടെയാണ് സംഭവം. വലിയ ശബ്ദത്തോടെയുണ്ടായ മൂന്നു പൊട്ടിത്തെറികൾ സാമ്ര ഹാളിലാകെ തീയും പുകയും നിറച്ചു. പലർക്കും പൊള്ളലേറ്റു. 2400 വിശ്വാസികൾ ഈ സമയം ഹാളിൽ പ്രാർഥനയിൽ ഉണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പലരും തട്ടിത്തടഞ്ഞു വീണു. ഇവരെ ചവിട്ടിമെതിച്ച് മറ്റുള്ളവർ പുറത്തേക്കോടി. ആദ്യം പുറത്തിറങ്ങിയവർ ഉള്ളിൽക്കുടുങ്ങിയവരെ പുറത്തേക്ക് വലിച്ചിറക്കി. ഹാളിലെ കുഷ്യൻ കസേരകൾക്ക് തീപിടിച്ചെങ്കിലും അവിടെത്തന്നെയുണ്ടായിരുന്ന അഗ്നിശമനി ഉപയോഗിച്ച് കെടുത്തി.
ആസൂത്രിത സ്ഫോടനം
ആസൂത്രിത ബോംബ് സ്ഫോടനമാന്ന് എന്ന് ഉച്ചയോടെ പോലീസ് മേധാവി ഡോ. ഷേക്ക് ദർവേഷ് സാഹിബ് സ്ഥിരീകരിച്ചു. ടിഫിൻ ബോക്സിനുള്ളിലാണ് സ്ഫോടകവസ്തു വെച്ചത്. സംഭവസ്ഥലത്ത് വെടിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തി.
സ്ഫോടനം നടന്ന ഹാൾ പരിസരത്തുനിന്ന് പോയ നീല കാർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. പിന്നാലെയാണ് മാർട്ടിൻ കൊടകരയിൽ കീഴടങ്ങിയത്. ഇയാൾ സ്കൂട്ടറിലാണ് എത്തിയതെന്ന് കണ്ടെത്തി. മാർട്ടിൻ നൽകിയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥർ, പ്രതി മാർട്ടിനാണെന്ന് സ്ഥിരീകരിച്ചത്