ഈ മാസം 286 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ജില്ലയിലെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 116 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ഇതിൽ 60 പേർക്കും സ്ഥിരീകരിച്ചത് ഈ ആഴ്ച മാത്രമാണ്. കഴിഞ്ഞ 15ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 18 ഡെങ്കിപ്പനി കേസുകളിൽ പത്തും ജില്ലയിലായിരുന്നു. 15നും 16നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കി സ്ഥിരീകരിച്ചതും ജില്ലയിലാണ്.
കഴിഞ്ഞ ആഴ്ചയിൽ 30 പേർക്കായിരുന്നു ഡെങ്കിപ്പനി ബാധിച്ചത്. പേരയം, തൃക്കോവിൽവട്ടം, ശാസ്താംകോട്ട, പോരുവഴി, കുന്നത്തൂർ, ഈസ്റ്റ് കല്ലട, കുണ്ടറ, പെരിനാട്, വാടി, പാരിപ്പള്ളി, ചവറ എന്നീ ഇടങ്ങളിലാണ് ഇപ്പോൾ പ്രധാനമായും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എലിപ്പനി ബാധിച്ചവരുടെ എണ്ണവും കഴിഞ്ഞ ആഴ്ചകളേക്കാൾ കൂടുതലാണ്. എലിപ്പനിക്ക് ഈ ആഴ്ച ചികിത്സ തേടിയ 8 പേരിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. വെളിയം, വിളക്കുടി, അലയമൺ, കുളത്തൂപ്പുഴ, കിളികൊല്ലൂർ, ശക്തികുളങ്ങര എന്നീ ഇടങ്ങളിലാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം 9 എലിപ്പനി കേസുകളാണ് ജില്ലയിൽ ആകെ റിപ്പോർട്ട് ചെയ്തത്. ഏറെ ഗുരുതരമായ മലേറിയ ജില്ലയെ വിടാതെ പിന്തുടരുന്നത് ആശങ്ക ഉയർത്തുന്നതാണ്. ഈ ആഴ്ച ഉളിയക്കോവിൽ, കൊറ്റങ്കര എന്നിവിടങ്ങളിൽ മലേറിയ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം വെളിയത്തും രോഗം സ്ഥിരീകരിച്ചിരുന്നു.
സാധാരണ പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും വർധിച്ചു. ഈ മാസം ഇതിനകം 9615 പേരാണ് പനി ബാധിച്ചു ജില്ലയിൽ ചികിത്സ തേടിയത്. 981 പേർ വയറിളക്ക രോഗത്തിനും 65 പേർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും 11 പേർ ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനും ചികിത്സ തേടി.