കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകും എഴുത്തുകാരനും, വാഗ്മിയുമായ ആര് ഹരി അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാവിലെയായിരുന്നു അന്ത്യം. ആര്‍എസ്എസ് അഖിലഭാരതീയ ബൗധിക് പ്രമുഖ് ആയിരുന്നു. കേരളത്തില്‍ നിന്ന് ആര്‍എസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകനാണ്.
രംഗ ഹരി എന്നാണ് പൂര്‍ണ്ണമായ പേര്. 1930 ല്‍ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തില്‍ എറണാകുളം ജില്ലയിലാണ് ഹരിയുടെ ജനനം,അച്ഛന് രംഗ ഷേണോയ് അമ്മ പത്മാവതി. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളിലും, മഹാരാജാസ് കോളേജിലും പഠനത്തിന് ശേഷം ബാലസ്വയംസേവകനായി രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്നു,
1948ല്‍ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് സംഘത്തിന് നിരോധനം ഉണ്ടായപ്പോള്‍ സംഘത്തിന്റെ അഖിലഭാരതീയ സത്യാഗ്രഹത്തില്‍ പങ്കെടുത്തു ജയില്‍ വാസം അനുഷ്ഠിച്ചു. 1951ല്‍ സംഘപ്രചാരകായി ആദ്യം വടക്കന്‍ പറവൂരില്‍ പ്രവര്‍ത്തിച്ചു. പിന്നീട്, തൃശൂര്‍ ജില്ല, പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്, എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ പ്രവര്‍ത്തിച്ചിരുന്നു.
1980 ല്‍ സഹപ്രാന്ത് പ്രചാരകനായി. 1983ല്‍ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും, 1989 ല്‍ അഖില ഭാരതീയ സഹ-ബൗധിക് പ്രമുഖായി.ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അഖില ഭാരതീയ ബൗധിക് പ്രമുഖുമായി നിയമിതനായി. അടിയന്തരാവസ്ഥക്കു ശേഷം കുരുക്ഷേത്ര എന്ന പേരില്‍ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയത് ആര് ഹരി ആയിരുന്നു.