NEWSSports

ആശാൻ മടങ്ങിയെത്തി; വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്(2-1)

കൊച്ചി: കഴിഞ്ഞ സീസണിൽ നേരിട്ട 10 മത്സരങ്ങളിലെ വിലക്കിന് ശേഷം തങ്ങളുടെ കോച്ച് ഇവാൻ വുകമനോവിച്ച്‌ മടങ്ങിയെത്തിയ മത്സരം ആഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്സ്.

ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്.

Signature-ad

ഐഎസ്എൽ പത്താം സീസണിലെ തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് മുംബൈയുമായി തോൽക്കുകയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി സമനില പിടിക്കുകയുമായിരുന്നു.

66ാം മിനിറ്റിൽ ദിമത്രിയോസ് ഡയമന്റക്കോസും 84ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.കുഞ്ഞ് പിറന്നതിനാൽ നാട്ടിലേക്ക് പോയ ദിമിത്രിയോസ് ഇന്നലെയാണ് ഗ്രീസിൽ നിന്നും മടങ്ങിയെത്തിയത്.രണ്ടാം പകുതിയുടെ പത്താം മിനിറ്റിൽ മാത്രമാണ് താരം ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയതും.ഇറങ്ങി ആറാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുകയും ചെയ്തു.

കലൂർ നെഹ്റു സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒഡിഷയാണ് അദ്യ ലീഡെടുത്തത്. 15ാം മിനിറ്റിൽ ഒഡിഷ സ്ട്രൈക്കർ ഡീഗോ മൗറീഷ്യ ആണ് ഗോൾ നേടിയത്.20ാം മിനിറ്റിൽ ഒഡിഷക്കനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾ കീപ്പർ സച്ചിൻ സുരേഷ് മനോഹരമായ ഡൈവിംഗിലൂടെ തടഞ്ഞിട്ടതോടെ ബ്ലാസ്റ്റേഴ്സ് മെല്ലെ കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.എങ്കിലും ആദ്യ പകുതിയിൽ ഗോൾ ഒഴിഞ്ഞുനിന്നു.

രണ്ടാം പകുതിയിൽ രണ്ടു മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ വൻ തിരിച്ചുവരവാണ് നെഹ്റു സ്റ്റേഡിയം കണ്ടത്.66ാം മിനിറ്റിലാണ് ആരാധകർ കാത്തിരുന്ന മറുപടി ഗോൾ എത്തിയത്.ജപ്പാൻ താരം സകായ് നൽകിയ പാസിൽ പകരക്കാരനായി ഇറങ്ങിയ ദിമിത്രിയോസ് പിഴവുകളൊന്നുമില്ലാതെ ഫിനിഷ് ചെയ്യുകയായിരുന്നു.(1-1)

84ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ പിറക്കുന്നത്.ബാക്ക് ലൈനിൽ നിന്നും നീട്ടി നൽകിയ ലോങ്പാസ് സ്വീകരിച്ച ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബോക്സിന്റെ വലതുമൂലയിൽ നിന്ന് ബോൾ ചിപ്പ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.(2-1)

ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ഗോവയാണ് ഒന്നാമത്.3 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുള്ള മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തും 5 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നാലാം സ്ഥാനത്തുമാണ്.

Back to top button
error: