എട്ട് വിക്കറ്റിനാണ് മരതകദ്വീപുകാര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്ക 25.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. അഞ്ച് കളികളില്‍ ഇംഗ്ലണ്ടിന്റെ നാലാം തോല്‍വിയാണിത്. ഇതോടെ മുൻ ചാമ്ബ്യൻമാരുടെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചമട്ടാണ്.
മൂന്നാം വിക്കറ്റില്‍ 137 റണ്‍സ് ചേര്‍ത്ത പതും നിസ്സങ്ക – സദീര സമരവിക്രമ സഖ്യത്തിന്റെ പ്രകടനമാണ് ലങ്കൻ ജയം എളുപ്പമാക്കിയത്. 83 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 77 റണ്‍സോടെ പുറത്താകാതെ നിന്ന നിസ്സങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍.
നേരത്തേ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ വെറും 33.2 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് ഇന്നിങ്സ് നീണ്ടത്. 156 റണ്‍സിന് ലങ്കൻ ബൗളര്‍മാര്‍ പേരുകേട്ട ഇംഗ്ലീഷ് ബാറ്റിങ് നിരയെ എറിഞ്ഞിട്ടു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലഹിരു കുമാര, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കസുൻ രജിത, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.