KeralaNEWS

സിഗ്‌നല്‍ പിഴവ്: മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാട് സ്റ്റേഷനില്‍  ട്രാക്ക് മാറിക്കയറി,  മറ്റ് ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ ഒഴിവായത് വന്‍ദുരന്തം

   കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറിക്കയറി. ഒന്നാം പ്ലാറ്റ്ഫോമിലേക്ക് വരേണ്ട വണ്ടി പ്ലാറ്റ്ഫോമില്ലാത്ത നടുവിലത്തെ പാളത്തിലേക്ക് എത്തുകയായിരുന്നു. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത തീവണ്ടികൾ കടന്നുപോകുന്ന പാളമാണിത്. ഈ സമയം പാളത്തിൽ മറ്റ് വണ്ടിയില്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. വ്യാഴാഴ്ച വൈകിട്ട് 6.45 നായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ആണ് ബൈ ട്രാക്ക കയറിയത്.

സിഗ്‌നല്‍ നല്‍കിയതിലെ പിഴവാണ് ട്രെയിന്‍ ട്രാക്ക് മാറി കയറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിന്‍ സിഗ്‌നല്‍ മാറിയതിനാല്‍ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാക്കില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നു.

Signature-ad

ഒന്നും രണ്ടും പ്ലാറ്റ്ഫോമിന്റെ മധ്യ ഭാഗത്ത് നിര്‍ത്തിയിട്ട ട്രെയിനിലേക്ക് കയറി പറ്റാന്‍ യാത്രക്കാര്‍ പാടു പെട്ടു.  ഒടുവില്‍ 5 മിനിറ്റ് അധിക സമയം നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും കയറ്റിയ ശേഷമാണ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടത്.

പോയിന്റ് ഫെയ്ല്‍ ആയതാണ് ട്രെയിന്‍ ട്രാക്ക് മാറാന്‍ കാരണമെന്നാണ് റെയില്‍വേ സ്റ്റേഷന്‍ അധികൃതരുടെ ഭാഷ്യം. മുഴുവന്‍ യാത്രക്കാരും കയറിയെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടത്. ഗുരുതരമായ സാങ്കേതിക പിഴവാണ് ഇന്നലെ സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.

Back to top button
error: