NEWSWorld

സൂസൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ കണ്ടത് തന്റെ വീട് ഇടിച്ച് പൊളിച്ചിട്ടിരിക്കുന്നു! തൊഴിലാളികളോട് ചോദിച്ചപ്പോൾ, “സോറി, വിലാസം മാറിപ്പോയി”

ഒരു ദീര്‍ഘ യാത്ര പോയി തിരിച്ച് വരുമ്പോള്‍ നിങ്ങളുടെ വീട് ഇടിച്ച് പൊളിച്ച് നിരത്തിയിട്ടിരിക്കുന്നത് കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അതെ, അത്തരത്തിലൊരു ഭീകരമായ അവസ്ഥ നേരിടേണ്ടി വന്നതിന്‍റെ ഞെട്ടലിലാണ് ജോർജിയയിൽ നിന്നുള്ള ഒരു സ്ത്രീ. സൂസൻ ഹോഡ്‌സൺ  എന്ന സ്ത്രീയ്ക്കാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. അറ്റ്ലാന്‍റയിൽ ഇവർക്ക് കുടുംബ സ്വത്തായി ലഭിച്ച വീടാണ് ഒരു കൺസ്ട്രഷൻ കമ്പനി വിലാസം തെറ്റി വന്ന് ഇടിച്ചു പൊളിച്ചിട്ടിട്ട് പോയത്. സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന സൂസൻ ഹോഡ്‌സണെ ഈ വിവരം അറിയിച്ചത് അയൽവാസിയാണ്. പക്ഷേ, വിവരം അറിഞ്ഞയുടൻ തന്നെ തിരിച്ചെത്തിയ സൂസൻ കണ്ടതാകട്ടെ തന്‍റെ വീടിന്‍റെ സ്ഥാനത്ത് മരപ്പലകകളുടെ ഒരു കൂമ്പാരവും.

വീട് പൊളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസി തന്നെ വിളിച്ച് ആരെയെങ്കിലും വീട് പൊളിക്കാന്‍ ഏൽപ്പിച്ചിരുന്നോ എന്ന് ചോദിച്ചുവെന്നും അപ്പോഴാണ് താൻ വിവരങ്ങൾ അറിയുന്നതെന്നുമാണ് സൂസൻ പറയുന്നത്. 15 വർഷം പഴക്കമുള്ള തന്‍റെ കുടുംബ വീടായിരുന്നു ഇതെന്നും വൃത്തിയായി താൻ സൂക്ഷിച്ചു വന്നിരുന്നതായിരുന്നുവെന്നും അവർ പറയുന്നു. അയൽക്കാർ വീട് പൊളിക്കുന്നത് തടയാൻ ശ്രമിച്ചെങ്കിലും കൺസ്ട്രഷൻ  തൊഴിലാളികൾ അവരോട് കയർത്ത് സംസാരിക്കുകയും വീട് പൊളിക്കുന്നത് തുടരുകയുമായിരുന്നെന്നും ഇവർ കൂട്ടിച്ചേർത്തു.

Signature-ad

തുടർന്ന് തൊഴിലാളികളോട് സംസാരിക്കാനും അവരുടെ കൈവശമുള്ള വിലാസം പരിശോധിക്കാനും ഒരു ബന്ധുവിനെ സ്ഥലത്തേക്ക് അയച്ച് പരിശോധിച്ചപ്പോഴാണ് തൊഴിലാളികൾക്ക് വിലാസം മാറിപ്പോയതായി മനസ്സിലായത്. എന്നാൽ, പൊളിച്ചിട്ട വീടിന് നഷ്ടപരിഹാരം നൽകാനോ മറ്റ് കാര്യങ്ങൾ സംസാരിക്കാനോ തയാറാകാതെ തൊഴിലാളികൾ ‘സോറി, വിലാസം മാറിപ്പോയി’ എന്ന് പറഞ്ഞ് അവിടെ നിന്നും പോയതായും സൂസൻ പറയുന്നു. “യു കോൾ ഇറ്റ്, വി ഹാൾ ഇറ്റ്” എന്ന കമ്പനിയാണ് വീട് പൊളിച്ചു നീക്കിയത്. എന്നാൽ തങ്ങളുടെ ഭാഗത്താണ് തെറ്റെന്ന് മനസ്സിലാക്കിയിട്ടും തങ്ങൾ അന്വേഷണം നടത്തുകയാണ് എന്നൊരു മറുപടി മാത്രമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

 

Back to top button
error: