IndiaNEWS

‘ഇന്ത്യ’യില്‍ വിള്ളല്‍? മധ്യപ്രദേശില്‍ ഒറ്റയ്ക്കു മല്‍സരിക്കാന്‍ ജെ.ഡി.യുവും

ന്യൂഡല്‍ഹി: പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ മൂന്നാമത്തെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയും മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ ഭരണകക്ഷിയും ഇന്ത്യ മുന്നണിയിലെ പ്രധാന ഘടകകക്ഷിയുമായ ജനതാദള്‍ (യുണൈറ്റഡ്) ആണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. അഞ്ച് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ചൊവ്വാഴ്ച പുറത്തിറക്കി.

ജെഡിയു 10-12 സീറ്റുകളില്‍ മത്സരിക്കുമെന്നും രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും ജെഡിയു ജനറല്‍ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാന്‍ പറഞ്ഞു. സമാജ്വാദി പാര്‍ട്ടിക്കും (എസ്പി) ആം ആദ്മി പാര്‍ട്ടിക്കും (എഎപി) ശേഷം മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന മുന്നണിയിലെ മൂന്നാമത്തെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയാണ് ജെഡിയു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ഇന്ത്യ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Signature-ad

കോണ്‍ഗ്രസുമായുള്ള സീറ്റുപങ്കിടല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഖിലേഷ് യാദവിന്റെ എസ്പി 45 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റുപങ്കിടല്‍ പരാജയപ്പെട്ടതില്‍ കോണ്‍ഗ്രസിനെ അഖിലേഷ് പരസ്യമായി വിമര്‍ശിച്ചിരുന്നു. 69 സീറ്റുകളിലേക്കാണ് എഎപി ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 7 നും 30 നും ഇടയില്‍ നടക്കും. ഡിസംബര്‍ 3നാണ് ഫലപ്രഖ്യാപനം. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനത്തെ പ്രധാന തിരഞ്ഞെടുപ്പാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ജൂലൈയിലാണ് ‘ഇന്ത്യ’ മുന്നണി രൂപീകരിച്ചത്.

Back to top button
error: