തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരായ മൂന്നു കുട്ടികൾ മരിച്ചു. ഊർപാക്കത്ത് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ കർണാടക സ്വദേശികളായ സുരേഷ് (15), മഞ്ജുനാഥ് (11), രവി (15) എന്നിവരാണു മരിച്ചത്. മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല.
താംബരത്തുനിന്ന് ചെങ്കൽപേട്ടിലേക്ക് വരികയായിരുന്ന ഇലക്ട്രിക് ട്രെയിനാണ് ഇടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താംബരം റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവരുടെ രക്ഷിതാക്കൾ ഊർപാക്കത്ത് കൂലിപ്പണി ചെയ്യുന്നവരാണ്. കർണാടകയിലുള്ള അമ്മൂമ്മയുടെ വീട്ടിലാണ് കുട്ടികൾ താമസിച്ച് പഠിക്കുന്നത്. സ്കൂൾ അവധിയായതിനാൽ മാതാപിതാക്കളെ കാണാൻ ഊർപാക്കത്ത് എത്തിയതായിരുന്നു. വീടിന് സമീപം കളിക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് അറിയാതെ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.