
കൊച്ചി: കളമശേരിയില്‍ എം.പി ഫണ്ട് ഉപയോഗിച്ച് ഹൈമാസ് ലൈറ്റ് സ്ഥാപിക്കാന്‍ എത്തിയവരെ സി.പി.എം നേതാക്കള്‍ തടഞ്ഞു. സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഹൈമാസ്റ്റിനായെടുത്ത കുഴിയില്‍ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തിയത്.
പൊതു സ്ഥലം കയ്യേറിയാണ് ലൈറ്റ് സ്ഥാപിക്കുന്നതെന്ന് പറഞ്ഞാണ് പ്രതിഷേധം. ഇക്കാര്യം കാണിച്ച് നഗരസഭാ സെക്രട്ടറിക്ക് സിപിഎം പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം പരിശോധിച്ച നഗരസഭ അത്തരം പ്രശ്നങ്ങളില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ അതിന് ശേഷവും സിപിഎം പ്രതിഷേധം തുടരുകയായിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ ഹൈബി ഈഡന്‍ എംപി പൊലീസില്‍ പരാതി നല്‍കി.






