KeralaNEWS

സംസ്ഥാനത്തെ ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ഓട്ടോ ടാക്സി മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് – കേരളയുടെ പ്രതിനിധി സംഘവുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.

കേരള മോട്ടോർ വാഹന ചട്ടം 292(എ) ഭേദഗതി പ്രകാരം 2020 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 15 വർഷമായി പരിമിതപ്പെടുത്തിയത്. 2020 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായി നൂറുകണക്കായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ജീവിതോപാധി നഷ്ടപ്പെടുന്ന സ്ഥിതിയെ തുടർന്ന് ഓട്ടോറിക്ഷകൾക്ക് രണ്ട് വർഷം കൂടി കാലാവധി നീട്ടി 2022ൽ ഉത്തരവുണ്ടാവുകയായി.

Signature-ad

സ്വകാര്യബസുകൾക്ക് 22 വർഷം കാലപരിധിയുള്ളപ്പോൾ ഓട്ടോറിക്ഷകൾക്കും അത്രയും കാലപരിധി വേണമെന്നത് ഓട്ടോ തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു. ക്ഷേമനിധിയിലെ അപാകതകളെ സംബന്ധിച്ചുള്ള പരാതിയിൽ അക്കാര്യം പരിഹരിക്കേണ്ടത് ക്ഷേമനിധി ബോർഡ് ആണെന്നും പ്രശ്ന പരിഹാരത്തിനായി തൊഴിൽ വകുപ്പ് മന്ത്രിയുടെ കൂടെ സാന്നിധ്യത്തിൽ ക്ഷേമനിധി ബോർഡിന്റെ യോഗം ഉടൻ തന്നെ വിളിച്ചു ചേർക്കാമെന്നും അദ്ദേഹം അറിയിച്ചു.

ട്രാഫിക് അഡ്വൈസറി കമ്മിറ്റി പുനഃസ്ഥാപിച്ച്‌ കൊണ്ടുള്ള ഉത്തരവ് ഇറക്കാമെന്നും കമ്മിറ്റിയിൽ തൊഴിലാളി പ്രതിനിധികളെ കൂടി ഉൾപെടുത്താമെന്നും അദ്ദേഹം കോൺഫെഡറേഷൻ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. ഇതോടൊപ്പം കോൺഫെഡറേഷൻ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും പരിശോധിക്കാം എന്ന് മന്ത്രി പറഞ്ഞു. അതോടൊപ്പം ബസ് ഫെഡറേഷൻ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കാമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ അനുഭാവപൂർവമായ നടപടികൾക്ക് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ കടകംപള്ളി സുരേന്ദ്രൻ നന്ദി അറിയിച്ചു.

Back to top button
error: