KeralaNEWS

15പവൻ മോഷ്ടിച്ച കേസ്: വീട്ടുജോലിക്കാരി പിടിയില്‍

മുളന്തുരുത്തി: ജോലിക്കുനിന്ന വീട്ടില്‍നിന്ന് 15 പവന്റെ ആഭരണം മോഷ്ടിച്ച കേസില്‍ നെടുമങ്ങാട് വലിയമലയില്‍ വീട്ടില്‍ സൗമ്യനായരെ (29) പൊലീസ് അറസ്റ്റുചെയ്തു.

പൈങ്ങാരപ്പിള്ളി ശോഭനിലയത്തില്‍ വിജയന്റെ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. നെടുമങ്ങാട്ടെയും പിറവത്തെയും ജുവലറികളില്‍ നടത്തിയ തെളിവെടുപ്പില്‍ 9 പവന്റെ ആഭരണങ്ങള്‍ കണ്ടെടുത്തു.

Signature-ad

വയോധികരായ വിജയനെയും ഭാര്യ ശോഭയേയും ശുശ്രൂഷിക്കാൻ വീട്ടില്‍ നിന്നിരുന്ന സൗമ്യ ഏപ്രിലില്‍ നാലു പവന്റെ ആഭരണം മോഷ്ടിച്ചിരുന്നുവെങ്കിലും വീടിന്റെ പണി നടക്കുന്നതിനാല്‍വീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നില്ല. പിന്നീട് പല ഘട്ടങ്ങളിലായി 15 പവൻ കൈക്കലാക്കുകയായിരുന്നു. വിജയന്റെ മകൻ പ്രവീണും കുടുംബവും ബംഗളൂരുവിലാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് നാട്ടിലെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി അറിഞ്ഞത്.

മോഷണത്തിനുശേഷം ജോലി മതിയാക്കി നാട്ടിലേക്കുപോയ സൗമ്യയെ നിരവധിതവണ വീട്ടുകാര്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. തുടര്‍ന്നാണ് മോഷണം നടത്തിയത് സൗമ്യയാണെന്ന സംശയത്തില്‍ മുളന്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്.

 പൊലീസ് സൗമ്യയുമായി ബന്ധപ്പെട്ടെങ്കിലും സ്റ്റേഷനിലേക്ക് വരാൻ കൂട്ടാക്കിയില്ല. പൊലീസ് സൗമ്യയെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

Back to top button
error: