അമേരിക്കൻ പാർലമെന്റ് മന്ദിരം അണികൾ ആക്രമിച്ചതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്ററും ഫേസ്ബുക്കും. അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചതായി ട്വിറ്റർ വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ് നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് പാർലമെന്റ് മന്ദിരം ആക്രമിക്കപ്പെടാൻ കാരണമെന്നാണ് സൂചന.
മൂന്നു ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ട്വിറ്റർ ട്രമ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ നീക്കം ചെയ്തില്ലെങ്കിൽ വിലക്ക് തുടരുമെന്ന് ട്വിറ്റർ വ്യക്തമാക്കി. 24 മണിക്കൂറാണ് ഫേസ്ബുക്ക് വിലക്ക്. തന്റെ അനുകൂലികളെ അഭിസംബോധന ചെയ്യുന്ന ട്രമ്പിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. യൂട്യൂബും ഈ വീഡിയോ നീക്കം ചെയ്തു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ വേണ്ടി ജനപ്രതിനിധി സഭയും സെനറ്റും യോഗം ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചു കയറിയത്. ബാരിക്കേഡിനെയും സുരക്ഷാസേനയെയും മറികടന്ന് അവർ ക്യാപ്പിറ്റോൾ മന്ദിരത്തിന് ഉള്ളിൽ കയറി. പൊലീസുമായി ഏറ്റുമുട്ടാനും തയ്യാറായി. ട്രമ്പ് അനുകൂലികളും ആയുധധാരികൾ ആയിരുന്നു. വാഷിംഗ്ടണിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.