CrimeNEWS

വിവാഹബന്ധം വേർപെടുത്തിയ യുവതിയേയും കുട്ടിയേയും വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ട് പോയി, മുൻ ഭർത്താവും സുഹൃത്തും അറസ്റ്റില്‍

   വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയേയും കുട്ടിയെയും വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ട് പോയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാസർകോട് ജില്ലയിലെ മേൽപ്പറമ്പിലാണ് സംഭവം. യുവതിയുടെ മുന്‍ ഭര്‍ത്താവും ഡ്രൈവറുമായ എന്‍.പി മുഹമ്മദ് ഫസീം (34), സുഹൃത്തും പ്രവാസിയുമായ സി എ മുഹ്‌സിന്‍ (28) എന്നിവരെയാണ് മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മേല്‍പറമ്പ് സി.ഐ ടി ഉത്തംദാസിന്റെയും എസ്‌.ഐ അരുണ്‍ മോഹന്റെയും നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേല്‍പറമ്പ് കെ.എം ഹൗസിലെ ഹസൈനാറിന്റെ മകള്‍ ഐശത് സിയാന (22) യെയും രണ്ടുവയസുള്ള കുട്ടിയെയും തട്ടിക്കൊണ്ട് പോയെന്നാണ് കേസ്. സിയാനയുടെ വീട്ടിലെത്തിയ ഫസീം വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സിയാനയുടെ മാതാവ് കെ എന്‍ ഖൈറുന്നീസയെ (42) തള്ളിയിട്ട് ചവിട്ടി പരുക്കേല്‍പിച്ചതായും പരാതിയില്‍ പറയുന്നു.

Signature-ad

മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാക്കള്‍ അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോയ യുവതിയെയും കുട്ടിയെയും വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.

കഴിഞ്ഞ ജുലൈ 13ന് ഐശത് സിയാന മുഹമ്മദ് ഫസീമിൽ നിന്നും വിവാഹമോചനം നേടിയിരുന്നു. രണ്ടുവയസുള്ള കുട്ടിക്ക് ചിലവിന് നൽകാനും കോടതി വിധിച്ചു. എന്നാൽ  തുക നൽകാതെ മുഹമ്മദ് ഫസീം മുങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിവാഹസമയത്ത് സിയാനയുടെ വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ  തിരിച്ചു കിട്ടണം എന്ന ആവശ്യത്തിലും മുഹമ്മദ് ഫസീമിനെതിരെകേസ് നടക്കുന്നുണ്ട്.

ഗ്രേഡ് എസ്‌.ഐ സുരേഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, സുജാത എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Back to top button
error: